ആധിപത്യം പുലർത്തി റയലിനെ തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയും:ബാഴ്സ പരിശീലകൻ സാവി.
ഇന്നലെ സ്പാനിഷ് സൂപ്പർ കപ്പിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഒസാസുനയെ അവർ പരാജയപ്പെടുത്തിയത്. സൂപ്പർതാരം റോബർട്ട് ലെവന്റോസ്ക്കി,വണ്ടർ കിഡ് ലാമിനെ യമാൽ എന്നിവർ നേടിയ ഗോളുകളാണ് ബാഴ്സലോണക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.ഇതോടുകൂടി ബാഴ്സ സൂപ്പർ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.
എൽ ക്ലാസിക്കോ പോരാട്ടമാണ് ഈ ഫൈനൽ മത്സരത്തിൽ നമുക്ക് കാണാൻ കഴിയുക. ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ സാവി ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. അതായത് മത്സരത്തിൽ റയലിനു മേൽ ആധിപത്യം പുലർത്താനും അതുവഴി വിജയിക്കാനും ബാഴ്സലോണക്ക് സാധിക്കും എന്നായിരുന്നു സാവി പറഞ്ഞിരുന്നത്. കഴിഞ്ഞ മത്സരങ്ങളെയാണ് അദ്ദേഹം ഉദാഹരണമായിക്കൊണ്ട് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
🚨 SEE YOU IN THE SPANISH SUPER CUP FINAL! pic.twitter.com/ZzqBPEmY35
— FC Barcelona (@FCBarcelona) January 11, 2024
“ലീഗിൽ നടന്ന അവസാനത്തെ ക്ലാസിക്കോ മത്സരം എടുത്തു നോക്കുക.മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ഞങ്ങളാണ് ആധിപത്യം പുലർത്തിയത്. കഴിഞ്ഞ സീസണിലെ ഫൈനലുമായി എനിക്ക് ഇതിനെ താരതമ്യം ചെയ്യാൻ കഴിയും. ഞാൻ കരുതുന്നത് വരുന്ന ഫൈനൽ മത്സരത്തിൽ ഞങ്ങൾക്ക് റയലിന് മേൽ ആധിപത്യം പുലർത്താൻ കഴിയുമെന്നും അതുവഴി വിജയം നേടാൻ സാധിക്കുമെന്നുമാണ് “ഇതാണ് ബാഴ്സ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ച ലീഗ് മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ബാഴ്സലോണയെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഒരു ഗോളിന് പിറകിൽ പോയ റയൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിജയം നേടുകയായിരുന്നു.അതേസമയം കഴിഞ്ഞ വർഷം നടന്ന സൂപ്പർ കപ്പ് ഫൈനലിൽ റയലിനെ തോൽപ്പിച്ച് കൊണ്ട് ബാഴ്സലോണ കിരീടം നേടുകയായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്സലോണ വിജയം നേടിയിരുന്നത്.