ആഞ്ചലോട്ടി യു-ടേൺ അടിക്കുന്നു? ബ്രസീലിന് തിരിച്ചടി ഏൽപ്പിക്കുന്ന പ്രസ്താവനയുമായി പരിശീലകൻ.

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് റയൽ മാഡ്രിഡിന്റെ ഇറ്റാലിയൻ പരിശീലകനായ കാർലോ ആഞ്ചലോട്ടിയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുക.എന്നാൽ ഈ കരാർ പുതുക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല.മറിച്ച് അദ്ദേഹം നേരത്തെ തന്നെ ബ്രസീലിന്റെ ദേശീയ ടീമുമായി പ്രീ എഗ്രിമെന്റിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്.ഈ സീസൺ അവസാനിച്ചതിനുശേഷം അദ്ദേഹം ബ്രസീലിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കും. ഇക്കാര്യങ്ങളൊക്കെ സ്ഥിരീകരിച്ചിരുന്നത് പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയായിരുന്നു.

ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനുമായി ആഞ്ചലോട്ടി ധാരണയിൽ എത്തിയിട്ടുണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ആഞ്ചലോട്ടി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പുതിയ പ്രസ്താവന ബ്രസീലിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒന്നാണ്. അതായത് കരാർ പുതുക്കാൻ വേണ്ടി റയൽ മാഡ്രിഡുമായി ചർച്ച ചെയ്യാൻ തയ്യാറാണ് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. നല്ല ഓഫർ വന്നാൽ ആഞ്ചലോട്ടി റയലിൽ തന്നെ തുടർന്നേക്കും എന്നുള്ളതിന്റെ സൂചനകളാണ് ഇത്.ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ ഉത്തരം വളരെ ലളിതമാണ്. 2024 ജൂൺ 30 ലാണ് റയൽ മാഡ്രിഡുമായുള്ള എന്റെ കോൺട്രാക്ട് അവസാനിക്കുക. അതുകൊണ്ടുതന്നെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താനുള്ള സമയം ഇനിയും ഉണ്ട്.റയൽ മാഡ്രിഡിന് ചർച്ച ചെയ്യണമെങ്കിൽ ഞാൻ തയ്യാറാണ്, എനിക്ക് അതിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. ഞാനിപ്പോഴും ഇവിടുത്തെ പരിശീലകനാണ്,അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എനിക്കിപ്പോൾ വേണ്ടത് അടുത്ത രണ്ട് മത്സരങ്ങൾ വിജയിച്ചു കൊണ്ട് വളരെ സമാധാനപരമായ ഒരു ക്രിസ്മസ് ആഘോഷം എന്നതാണ് ” ഇതാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഈ പരിശീലകൻ കോൺട്രാക്ട് പുതുക്കുമോ ഇല്ലയോ എന്നുള്ളതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്. നിലവിൽ ബ്രസീലിന്റെ ഇടക്കാല പരിശീലകനായി കൊണ്ട് ഡിനിസിനെയാണ് അവർ നിശ്ചയിച്ചിട്ടുള്ളത്. മോശം പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ബ്രസീലിന് ആഞ്ചലോട്ടിയെ പോലെയുള്ള ഒരു മികച്ച പരിശീലകനെ ഇപ്പോൾ അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *