ആഞ്ചലോട്ടി പിടിവിട്ടെന്ന് വരില്ല:റയൽ സന്ദർശിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ക്രൂസ്!
കഴിഞ്ഞ സീസൺ പൂർത്തിയായതോട് കൂടിയാണ് സൂപ്പർ താരം ടോണി ക്രൂസ് പ്രൊഫഷണൽ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചത്. മിന്നുന്ന ഫോമിൽ കളിക്കുമ്പോഴും അദ്ദേഹം ഫുട്ബോൾ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ നിരാശ ഉണ്ടാക്കിയ കാര്യമാണ്. പ്രത്യേകിച്ച് റയൽ മാഡ്രിഡിന് കടുത്ത തിരിച്ചടിയാണ് ഇതുവഴി സംഭവിച്ചിട്ടുള്ളത്.ക്രൂസിന്റെ അഭാവം നികത്താൻ ഇതുവരെ അവർക്ക് കഴിഞ്ഞിട്ടില്ല.ഈ സീസണിൽ റയൽ ബുദ്ധിമുട്ടുന്നതിന്റെ പ്രധാന കാരണം ക്രൂസിന്റെ അഭാവം തന്നെയാണ്.
പുതുതായി നൽകിയ അഭിമുഖത്തിൽ ഒരു ചോദ്യം ക്രൂസിനോട് ചോദിക്കപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് റയൽ മാഡ്രിഡ് ക്യാമ്പ് ഇപ്പോൾ സന്ദർശിക്കാത്തത് എന്നായിരുന്നു ചോദ്യം. ഒരല്പം രസകരമായ മറുപടിയാണ് അദ്ദേഹം നൽകിയിട്ടുള്ളത്. ക്യാമ്പ് സന്ദർശിച്ചു കഴിഞ്ഞാൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി അവിടെത്തന്നെ നിൽക്കാൻ പറയുമെന്നും പിന്നീട് പിടിവിട്ടെന്ന് വരില്ല എന്നുമാണ് ക്രൂസ് പറഞ്ഞിട്ടുള്ളത്. നിലവിൽ പരിശീലകനാവാൻ ഉദ്ദേശിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.ക്രൂസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“റയൽ ക്യാമ്പിൽ എന്റെ മുൻ സഹതാരങ്ങളെ സന്ദർശിക്കുന്നതിൽ ഒരു റിസ്ക് ഒളിഞ്ഞുകിടക്കുന്നുണ്ട്. ഞാൻ അവിടേക്ക് പോയാൽ കാർലോ ആഞ്ചലോട്ടി എന്നെ അവിടെത്തന്നെ പിടിച്ചുനിർത്തിയേക്കും. അവിടെ തുടരാൻ പറയും. നിലവിൽ ഞാൻ പ്രൊഫഷണൽ താരങ്ങളെ പരിശീലിപ്പിക്കാൻ ഒന്നും ഉദ്ദേശിക്കുന്നില്ല. പകരം മാഡ്രിഡിൽ ഒരു യൂത്ത് അക്കാദമി തുടങ്ങാനാണ് ഞാനിപ്പോൾ ഉദ്ദേശിക്കുന്നത് ” ഇതാണ് ടോണി ക്രൂസ് പറഞ്ഞിട്ടുള്ളത്.
നേരത്തെ തന്നെ ഒരു യൂത്ത് അക്കാദമി ഓപ്പൺ ചെയ്തിട്ടുള്ള വ്യക്തിയാണ് ക്രൂസ്.കൂടുതൽ അക്കാദമികൾ തുറക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഭാവിയിൽ ടോണി ക്രൂസ് പരിശീലകനാവാനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല.2014ലായിരുന്നു ഇദ്ദേഹം റയൽ മാഡ്രിഡിൽ എത്തിയിരുന്നത്. ക്ലബ്ബിനോടൊപ്പം ആകെ 22 കിരീടങ്ങൾ സ്വന്തമാക്കാൻ ക്രൂസിന് സാധിച്ചിട്ടുണ്ട്.