ആഞ്ചലോട്ടി,എംബപ്പേ എന്നിവരെ വിമർശിച്ച് വാൽവെർദേയുടെ ഭാര്യ, പ്രതികരിച്ച് ആഞ്ചലോട്ടി!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഞെട്ടിക്കുന്ന ഒരു തോൽവി ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു എസി മിലാൻ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.സാന്റിയാഗോ ബെർണാബുവിലാണ് റയൽ മാഡ്രിഡിന് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഫെഡേ വാൽവെർദേ ഉണ്ടായിരുന്നു. എന്നാൽ ആദ്യ പകുതിക്ക് ശേഷം പരിശീലകനായ കാർലോ ആഞ്ചലോട്ടി താരത്തെ പിൻവലിക്കുകയായിരുന്നു.
എന്നാൽ വാൽവെർദേയുടെ ഭാര്യയായ മിന ബൊനിനോക്ക് ഇത് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.എക്സ് അക്കൗണ്ടിലൂടെ ഇവർ ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.ആഞ്ചലോട്ടി ഫെഡയെ ഒരു വിങറായി കൊണ്ടാണ് ഉപയോഗപ്പെടുത്തുന്നതെന്നും ഇത് ശരിയല്ല എന്നുമാണ് അവർ അഭിപ്രായപ്പെട്ടിട്ടുള്ളത്. കൂടാതെ മുന്നേറ്റ നിര താരങ്ങളുടെ അലസതക്ക് അധികഭാരം വഹിക്കേണ്ടി വരുന്നത് ഫെഡയാണെന്നും ഇവർ ആരോപിച്ചു.എംബപ്പേ ഡിഫൻസീവ്ലി ടീമിനെ സഹായിക്കാത്തതാണ് ഇവർ ലക്ഷ്യം വെച്ചിട്ടുള്ളത്.
ഏതായാലും മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് കാർലോ ആഞ്ച്ലോട്ടിയോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു.അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്.
” സോഷ്യൽ മീഡിയയിൽ ആളുകൾ എഴുതുന്ന കാര്യങ്ങളോട് പ്രതികരിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ വാൽവെർദേയെ പിൻവലിച്ചത് അദ്ദേഹം 100% ഓക്കേ അല്ലാത്തതുകൊണ്ടാണ് ” ഇതാണ് റയൽ മാഡ്രിഡിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ടീമിനകത്ത് കൂടുതൽ പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്. നിരവധി സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും മോശം പ്രകടനമാണ് റയൽ മാഡ്രിഡ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് അടിയന്തരമായി പരിഹാരം കണ്ടിട്ടില്ലെങ്കിൽ ആഞ്ചലോട്ടിക്ക് തന്റെ പരിശീലക സ്ഥാനം നഷ്ടമായേക്കും.