അർജന്റൈൻ സൂപ്പർ താരത്തിന്റെ 4 ഗോളുകൾ,റയൽ തരിപ്പണം!
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന് വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജിറോണ റയലിനെ പരാജയപ്പെടുത്തിയത്. ഈ നാല് ഗോളുകളും നേടിയത് ജിറോണയുടെ അർജന്റൈൻ താരമായ വാലന്റിൻ കാസ്റ്റല്ലാനോസായിരുന്നു.
ബെൻസിമ,കോർട്ടുവ എന്നിവരുടെ അഭാവത്തിലാണ് റയൽ മാഡ്രിഡ് ഈ മത്സരത്തിന് ഇറങ്ങിയത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ തന്നെ കാസ്റ്റല്ലാനോസ് ഹെഡ്ഡറിലൂടെ ഗോൾ കണ്ടെത്തി. അതിനുശേഷം ഇരുപത്തിനാലാം മിനിറ്റിൽ വീണ്ടും ഇദ്ദേഹം ഗോൾ നേടുകയായിരുന്നു. 34ആം മിനിട്ടിൽ അസെൻസിയോയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെ വിനീഷ്യസ് ജൂനിയർ ഒരു ഗോൾ മടക്കി.
TATY CASTELLANOS WITH FOUR GOALS AGAINST REAL MADRID 🤯 pic.twitter.com/F0rYOSTcBH
— B/R Football (@brfootball) April 25, 2023
എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ കാസ്റ്റല്ലാനോസ് ഹാട്രിക് പൂർത്തിയാക്കുകയായിരുന്നു.62ആം മിനുട്ടിൽ താരം തന്റെ നാലാമത്തെ ഗോൾ ഹെഡറിലൂടെ നേടിയപ്പോൾ റയൽ മാഡ്രിഡ് അക്ഷരാർത്ഥത്തിൽ തകർന്നടിയുകയായിരുന്നു. പിന്നീട് 85ആം മിനിട്ടിൽ വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് വാസ്‌ക്കസ് ഒരു ഗോൾ റയലിന് വേണ്ടി മടക്കി.
ഈ തോൽവി ക്ലബ്ബിന് വലിയ ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇതോടെ ലാലിഗ കിരീടം റയൽ മാഡ്രിഡ് കൈവിട്ടു കഴിഞ്ഞിട്ടുണ്ട്