അർജന്റൈൻ സൂപ്പർ താരങ്ങൾ ക്വാറന്റൈൻ തെറ്റിച്ചു, ലാലിഗ പ്രതിസന്ധിയിൽ

സെവിയ്യയുടെ അർജന്റൈൻ സൂപ്പർ താരങ്ങൾ ക്വാറന്റൈൻ തെറ്റിച്ചത് ലാലിഗയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസമാണ് സെവിയ്യയുടെ അർജന്റൈൻ താരങ്ങളായ ലൂക്കാസ് ഒകമ്പസ്, മൂഡോ വാസ്‌കസ്, എവർ ബനേഗ, ഡച്ച് താരമായ ലുക് ഡി ജോംഗ് എന്നിവരും അവരുടെ കുടുംബങ്ങളുമാണ് ലാലിഗയുടെ സുരക്ഷാനിർദ്ദേശങ്ങൾ കാറ്റിൽപറത്തി കൊണ്ട് ക്വാറന്റൈൻ തെറ്റിച്ചത്. എവർ ബനേഗയുടെ ഭാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അവർ ഉടനെ തന്നെ ഫോട്ടോ ഡിലീറ്റ് ചെയ്‌തെങ്കിലും പെട്ടന്ന് തന്നെ ഫോട്ടോ പ്രചരിക്കുകയായിരുന്നു.

ലാലിഗ പുനരാരംഭിക്കാനിരിക്കെ താരങ്ങൾക്ക് കർശനനിർദ്ദേശങ്ങൾ അധികൃതർ നൽകിയിരുന്നു. മറ്റുള്ള താരങ്ങളുടെ കൂടെ ആരോഗ്യം അപകടത്തിലാക്കാതിരിക്കാൻ വേണ്ടി എല്ലാവരും സ്വയം ക്വാറന്റൈൻ പാലിക്കണമെന്ന് നിർദേശിച്ചിരുന്നു. ഈയൊരു നിർദ്ദേശമാണ് ഇവർ ലംഘിച്ചത്. കുടുംബത്തോടൊപ്പം ഒരു പാർട്ടിയാണ് ഇവർ സംഘടിപ്പിച്ചത്. എന്നിരുന്നാലും വലിയ തോതിലുള്ള വിമർശനങ്ങളാണ് ഇവർക്ക് നേരെ വരുന്നത്. താരങ്ങൾക്കെതിരെ അച്ചടക്കനടപടി സെവിയ്യ സ്വീകരിക്കുമെന്ന് മാർക്ക റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മുൻപ് ബുണ്ടസ്ലിഗയിലും സമാനസംഭവം അരങ്ങേറിയിരുന്നു. ഓഗ്‌സ്ബർഗ് പരിശീലകനാണ് അന്ന് വിവാദത്തിൽ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *