അർജന്റൈൻ താരത്തെ ടീമിലെത്തിക്കാൻ എഫ്സി ബാഴ്സലോണക്ക് വീണ്ടും താല്പര്യം!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരങ്ങളിൽ ഒരാളാണ് മാർക്കോസ് അലോൺസോ. ചെൽസി താരമായ അലോൺസോയെ ടീമിൽ എത്തിക്കുന്ന കാര്യത്തിൽ ബാഴ്സക്ക് ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. താരത്തെ ലഭിച്ചില്ലെങ്കിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് മറ്റൊരു താരത്തെ ബാഴ്സക്ക് ആവശ്യമായി വരും.
അതുകൊണ്ടുതന്നെ ആ സ്ഥാനത്തേക്ക് നിലവിൽ എഫ്സി ബാഴ്സലോണ കണ്ടു വെച്ചിരിക്കുന്നത് അയാക്സിന്റെ അർജന്റൈൻ താരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോയെയാണ്. കഴിഞ്ഞ സീസണുകളിൽ തന്നെ താരത്തിനു വേണ്ടി ബാഴ്സ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.ഇപ്പോൾ ബാഴ്സ താരത്തിൽ വീണ്ടും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമമായ സ്കൈ സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
FC Barcelona interested again in Nicolás Tagliafico of Ajax. https://t.co/SjkfWMOcAy This via @OsvaldoGodoy_01.
— Mundo Albiceleste 🇦🇷 (@MundoAlbicelest) July 6, 2022
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ ലോൺ അടിസ്ഥാനത്തിൽ എത്തിക്കാൻ ബാഴ്സ ശ്രമിച്ചിരുന്നു. എന്നാൽ ലോണിൽ പറഞ്ഞയക്കാൻ അയാക്സ് അന്ന് വിസമ്മതിക്കുകയായിരുന്നു. പക്ഷേ നിലവിൽ താരത്തെ കൈവിടാൻ അയാക്സ് ഒരുക്കമാണ്. നിലവിൽ ഒരു വർഷത്തെ കരാറാണ് ടാഗ്ലിയാഫിക്കോക്ക് അയാക്സുമായി അവശേഷിക്കുന്നത്.5 മില്യൺ യുറോയാണ് താരത്തിന്റെ വിലയായി കൊണ്ട് അയാക്സ് കണ്ടുവെച്ചിരിക്കുന്നത്.
അതേസമയം താരത്തിന് വേണ്ടി ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോൺ വലിയ രൂപത്തിലുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളായിരുന്നു താരം അയാക്സിന് വേണ്ടി കളിച്ചത്.രണ്ട് ഗോളുകളും 2 അസിസ്റ്റുകളും നേടാൻ ടാഗ്ലിയാഫിക്കോക്ക് സാധിച്ചിരുന്നു.അർജന്റീനക്ക് വേണ്ടി 40 മത്സരങ്ങളും ഇദ്ദേഹം കളിച്ചിട്ടുണ്ട്.