അവിടെ ഹാലന്റായാലും ഗോളടിക്കില്ല:എംബപ്പേയെ പിന്തുണച്ച് പെറ്റിറ്റ്
ഒരല്പം ബുദ്ധിമുട്ടേറിയ തുടക്കമാണ് സൂപ്പർ താരം കിലിയൻ എംബപ്പേക്ക് റയൽ മാഡ്രിഡിൽ ലഭിച്ചിട്ടുള്ളത്. ആകെ 8 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ഓപ്പൺ പ്ലേയിൽ നിന്ന് 5 ഗോളുകൾ മാത്രമാണ് താരം നേടിയിട്ടുള്ളത്. മാത്രമല്ല കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ താരം മോശം പ്രകടനമാണ് നടത്തിയത്. ഒരുപാട് അവസരങ്ങൾ അദ്ദേഹം തുലച്ചു കളഞ്ഞിരുന്നു. മാത്രമല്ല 8 തവണ അദ്ദേഹം ഓഫ്സൈഡാവുകയും ചെയ്തിരുന്നു.
എന്നാൽ ഈ വിഷയത്തിൽ എംബപ്പേയെ പിന്തുണച്ചുകൊണ്ട് ഫ്രഞ്ച് താരമായിരുന്ന ഇമ്മാനുവൽ പെറ്റിറ്റ് രംഗത്ത് വന്നിട്ടുണ്ട്.എംബപ്പേയുടെ സ്ഥാനത്ത് ഏർലിംഗ് ഹാലന്റായിരുന്നുവെങ്കിലും അദ്ദേഹത്തിന് ഗോളടിക്കാൻ സാധിക്കുമായിരുന്നില്ല എന്നാണ് പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്. പ്രശ്നം റയൽ മാഡ്രിഡിന്റെ മധ്യനിരയുടേതാണെന്നും പെറ്റിറ്റ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ലൈൻ റഫറിക്ക് ഷോൾഡർ ഇഞ്ചുറി വന്നില്ല എന്ന കാര്യത്തിൽ എനിക്ക് അത്ഭുതമുണ്ട്. അത്രയേറെ ഓഫ്സൈഡുകളാണ് മത്സരത്തിൽ ഉണ്ടായത്.എൽ ക്ലാസിക്കോയിൽ എംബപ്പേയുടെ സ്ഥാനത്ത് ഹാലന്റായാലും അതൊന്നും ഗോളാക്കി മാറ്റാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. കാരണം പ്രശ്നം കിടക്കുന്നത് റയൽ മാഡ്രിഡിന്റെ മധ്യനിരയിലാണ്.ലുക്ക മോഡ്രിച്ച് കളിക്കളത്തിലേക്ക് വരുന്ന സമയത്തൊക്കെ നമുക്ക് ആ മാറ്റം കാണാൻ സാധിക്കും.ചുവാമെനി ഇപ്പോൾ മോശം രീതിയിലാണ് കളിക്കുന്നത്.മോഡ്രിച്ച് ഓടുന്നത് പോലെ ഓടാൻ അദ്ദേഹത്തിന് കഴിയുന്നില്ല. റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിരയും മധ്യനിരയും തമ്മിൽ വലിയ ഒരു അന്തരം തന്നെ അവിടെയുണ്ട് ” ഇതാണ് ഇമ്മാനുവൽ പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്.
മോശം പ്രകടനത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഇപ്പോൾ എംബപ്പേക്ക് ലഭിക്കുന്നുണ്ട്. ലാലിഗയിൽ റയൽ മാഡ്രിഡും വലൻസിയയും തമ്മിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ ആ മത്സരം ഇപ്പോൾ മാറ്റിവെച്ചിട്ടുണ്ട്.ഇനി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കരുത്തരായ Ac മിലാനെയാണ് റയൽ മാഡ്രിഡ് നേരിടുക.