അവസാന ഹോം മത്സരവും കളിച്ചു കഴിഞ്ഞു,ബാഴ്സയുടെ ശക്തി വർദ്ധിപ്പിക്കാൻ റോക്ക് എത്തുന്നു!

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയെ ഇപ്പോൾ ആശങ്കപ്പെടുത്തുന്ന കാര്യം കൂടുതൽ ഗോളുകൾ നേടാനാവുന്നില്ല എന്നതാണ്. അതിന് കാരണം റോബർട്ട് ലെവന്റോസ്ക്കിയാണ്.പ്രതീക്ഷിച്ച ഒരു നിലവാരത്തിലേക്ക് ഉയരാൻ അദ്ദേഹത്തിന് കഴിയുന്നില്ല.ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ ചില ഗോളവസരങ്ങൾ ഇദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെയാണ് സാവി വിറ്റോർ റോക്കിനെ നേരത്തെ എത്തിക്കാൻ നിർബന്ധിതനായത്.

ബ്രസീലിയൻ യുവ പ്രതിഭയായ റോക്ക് ഈ മാസം തന്നെ ബാഴ്സലോണക്കൊപ്പം.ഈ സീസണിലെ അവസാന ഹോം മത്സരം ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പാരനെയ്ൻസ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു സാന്റോസിനെ അവർ തോൽപ്പിച്ചത്. മത്സരത്തിൽ റോക്ക് കളിക്കുകയും ചെയ്തിരുന്നു. അവസാന ഹോം മത്സരം കളിച്ചതിനു ശേഷം റോക്ക് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ ഈ ക്ലബ്ബിൽ ഹാപ്പിയായിരുന്നു. പക്ഷേ യൂറോപ്പിലേക്ക് പോവുക എന്നുള്ളത് എന്റെ ഒരു സ്വപ്നമാണ്.ഞാൻ എപ്പോഴും ബാഴ്സയുടെ മത്സരങ്ങൾ കാണുമായിരുന്നു.ഒരു ദിവസം അവിടേക്ക് എത്താമെന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നെ ഇക്കാലമത്രയും വളരെ നല്ല രീതിയിലാണ് ഇവിടുത്തെ ആരാധകർ ട്രീറ്റ് ചെയ്തത്. ഈ ക്ലബ്ബിന് സാധ്യമായതെല്ലാം ഞാൻ നൽകിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം ” ഇതാണ് ബ്രസീലിയൻ യുവ പ്രതിഭ പറഞ്ഞിട്ടുള്ളത്.

ഇനി ഡിസംബർ ഏഴാം തീയതി ഒരു എവേ മത്സരം കൂടി പാരനെയ്ൻസ് കളിക്കുന്നുണ്ട്. അതിനുശേഷം അദ്ദേഹം ചെറിയ ഒരു അവധി എടുക്കും. തുടർന്ന് ഡിസംബർ 27ാം തീയതി ബാഴ്സലോണയിൽ എത്തുകയും ഇരുപത്തിയെട്ടാം തീയതിയിലെ ട്രെയിനിങ് സെഷനിൽ പങ്കെടുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ബ്രസീലിയൻ സ്ട്രൈക്കർ തിളങ്ങും എന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്. നേരത്തെ ബാഴ്സലോണക്ക് വേണ്ടി റൊണാൾഡോ നസാരിയോ ഒരു സീസൺ കളിച്ചിരുന്നു. അമ്പരപ്പിക്കുന്ന പ്രകടനം ബാഴ്സലോണക്ക് വേണ്ടി നടത്താൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. ആ രൂപത്തിലേക്ക് ഒക്കെ മാറാൻ റോക്കിന് സാധിച്ചാൽ അത് ബാഴ്സയെ സംബന്ധിച്ചിടത്തോളം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *