അവസാന അങ്കത്തിനൊരുങ്ങി സുവാരസ്,ഇനിയെങ്ങോട്ട്?
ലാലിഗയിൽ ഇന്ന് നടക്കുന്ന മുപ്പത്തിയേഴാം റൗണ്ട് പോരാട്ടത്തിൽ വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് കളത്തിലിറങ്ങുന്നുണ്ട്.സെവിയ്യയാണ് അത്ലറ്റിക്കോയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്ക് അത്ലറ്റിക്കോയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
അത്ലറ്റിക്കോയുടെ സൂപ്പർ താരമായ ലൂയിസ് സുവാരസിന്റെ വാണ്ട മെട്രോപൊളിറ്റാനോയിലുള്ള അവസാന മത്സരമായിരിക്കും ഇത്. അത്തരത്തിലുള്ള സൂചനകളാണ് പരിശീലകനായ സിമയോണി നൽകിയിട്ടുള്ളത്. ഇന്നത്തെ മത്സരത്തിൽ സുവാരസ് കളിക്കുമെന്നുള്ള കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് സിമയോണി പറഞ്ഞത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 15, 2022
” നവംബറിൽ ഞാൻ സുവാരസുമായി സംസാരിച്ചിരുന്നു.അത് നീളമേറിയതും ബുദ്ധിമുട്ടേറിയതുമായിരുന്നു. ഭാവിയെക്കുറിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചിരുന്നത്.അതിനുശേഷം ഇതുവരെ ഞങ്ങൾ പരസ്പര ബഹുമാനത്തോട് കൂടിയായിരുന്നു പെരുമാറിയിരുന്നത്.എനിക്ക് സുവാരസിനോട് വളരെയധികം നന്ദിയുണ്ട്.സെവിയ്യക്കെതിരെ അദ്ദേഹം കളിക്കുക തന്നെ ചെയ്യും ” ഇതാണ് സിമയോണി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനം നടത്തിയ സുവാരസ് അത്ലറ്റിക്കോയെ ലാലിഗ കിരീടം ചൂടാൻ സഹായിച്ചിരുന്നു.എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന് അവസരങ്ങൾ കുറവായിരുന്നു.എന്നിരുന്നാലും അത്ലറ്റിക്കോയുടെ ഈ സീസണിലെ ടോപ്സ്കോറർ സുവാരസ് തന്നെയാണ്.അത്ലറ്റിക്കോക്ക് വേണ്ടി 81 മത്സരങ്ങൾ കളിച്ച സുവാരസ് 34 ഗോളുകൾ നേടിയിട്ടുണ്ട്.ഈ സമ്മറിൽ ഫ്രീ ഏജന്റാവുന്ന സുവാരസ് ഇനി എങ്ങോട്ട് എന്നുള്ളത് അവ്യക്തമായ ഒരു കാര്യമാണ്.