അവസാനമത്സരം വരെ പൊരുതും, വിജയത്തിന് ശേഷം കൂമാൻ പറയുന്നു !

ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ അത്‌ലെറ്റിക്ക്‌ ബിൽബാവോയെ തോൽപ്പിച്ചത്. ഇരട്ടഗോളുകൾ നേടിയ മെസ്സിയും ഒരു ഗോളും ഒരു അസിസ്റ്റും നേടിയ പെഡ്രിയുമാണ് ബാഴ്സ നിരയിൽ തിളങ്ങിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ബാഴ്സ തിരിച്ചു വരവ് നടത്തിയത്. മൂന്ന് ഗോളുകളാണ് ബാഴ്സ പിന്നീട് നേടിയത്. ഏതായാലും മത്സരത്തിന്റെ ഫലത്തിൽ താൻ സന്തോഷവാനാണ് എന്ന് പ്രസ്താവിച്ചിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം സ്ഥാനക്കാരുമായി അകലത്തിലാണെങ്കിലും അവസാനമത്സരം വരെ തങ്ങൾ പൊരുതുമെന്നും കൂമാൻ അറിയിച്ചു. ബാഴ്സയിപ്പോൾ ശരിയായ പാതയിലാണെന്നും കൂമാൻ കൂട്ടിച്ചേർത്തു.

” ഞങ്ങളുടെ ഡിഫൻസ് കോർഡിനേറ്റ് ആവാത്ത സമയത്താണ് അവർ ഒരു ഗോളിന്റെ ലീഡ് നേടിയത്. എന്നാൽ അതിന് ശേഷം മത്സരത്തിന്റെ നിയന്ത്രണം ഞങ്ങളെ ഏറ്റെടുത്തു. മത്സരത്തിന്റെ ഫലത്തിലും അത്‌ നേടിയെടുത്ത രീതിയിലും ഞാൻ സന്തോഷവാനാണ്. മത്സരത്തിലെ വിജയം ഞങ്ങൾ അർഹിച്ചത് തന്നെയാണ്. ടീം വർക്ക്‌ അസാധാരണമായിരുന്നു. അവസാനമത്സരം വരെ പൊരുതാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. എതിരാളികളുമായി അകലമുണ്ട് എന്നറിയാം. പക്ഷെ ഞങ്ങൾ ശരിയായ പാതയിലാണ്. ഞങ്ങൾ പൊരുതുക തന്നെ ചെയ്യും ” കൂമാൻ പറഞ്ഞതായി മാർക്ക റിപ്പോർട്ട്‌ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *