അഴുക്ക് ചാലിലെ എലി,കുള്ളൻ : മെസ്സിയെ ബർതോമ്യു ബോർഡ് അംഗം അധിക്ഷേപിക്കുന്ന ചാറ്റ് ലീക്കായി.

സൂപ്പർ താരം ലയണൽ മെസ്സിയുടെ ബാഴ്സയിലെ അവസാന നാളുകൾ വളരെയധികം കഠിനമായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് എഫ് സി ബാഴ്സലോണ വളരെയധികം സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു.ജോസപ് മരിയ ബർതോമുവായിരുന്നു അന്ന് എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബാഴ്സ താരങ്ങളോട് ക്ലബ്ബ് സാലറി കുറക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ പ്രമുഖ മാധ്യമമായ എൽ പീരിയോഡിക്കോ പുറത്ത് വിട്ടിട്ടുണ്ട്. അതായത് സാലറി കുറക്കാൻ ആവശ്യപ്പെട്ട സമയത്ത് ലയണൽ മെസ്സി അതിന് സാധിക്കില്ല എന്നുള്ളത് ബർതോമുവിനെ അറിയിക്കുകയായിരുന്നു. മാത്രമല്ല തന്റെ സുഹൃത്തായ സുവാരസിന്റെ സാലറിയും കുറക്കാൻ പാടില്ലെന്ന് മെസ്സി ബർതോമുവിനെ അറിയിച്ചു.

ഇക്കാര്യം ബാഴ്സയുടെ പ്രസിഡന്റ് അദ്ദേഹത്തിന്റെ ബോർഡ് അംഗങ്ങൾ എല്ലാവരും ഉള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെക്കുകയായിരുന്നു.ഈ വിഷയത്തിൽ ലയണൽ മെസ്സിയെ വളരെ മോശമായ രൂപത്തിലാണ് ബാഴ്സയുടെ ലീഗൽ സർവീസസ് ഹെഡ് ആയ ഗോമസ് പോന്റി പ്രതികരിച്ചിട്ടുള്ളത്. അദ്ദേഹം ആ ഗ്രൂപ്പിൽ പങ്കുവെച്ച മെസ്സേജ് ഇങ്ങനെയാണ്.

” ബർതോ.. നിങ്ങൾ ഈ അഴുക്ക് ചാലിലെ എലിയോട് ഇത്രയധികം നല്ല വ്യക്തിയാവേണ്ട കാര്യമില്ല. ഈ ക്ലബ്ബ് അദ്ദേഹത്തിന് ആവശ്യപ്പെടുന്നത് എല്ലാം നൽകിയിട്ടുണ്ട്.മെസ്സിക്ക് വേണ്ടി ക്ലബ്ബ് എല്ലാ തരത്തിലുമുള്ള ഇളവുകളും നൽകിയിട്ടുണ്ട്.മാത്രമല്ല ഈ ബ്ലാക്ക് മെയിൽ ആരോപണത്തിലൂടെ ഈ കുള്ളനെ കൊണ്ട് നമ്മൾ എല്ലാവരും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ സാലറി കുറച്ചോളൂ,എന്റേതും സുവാരസിന്റെതും തൊടാൻ പാടില്ല എന്ന് ഒരു ബുദ്ധിമുട്ടേറിയ സമയത്താണ് അദ്ദേഹം ആവശ്യപ്പെടുന്നത് ” ഇതായിരുന്നു അദ്ദേഹം കുറിച്ചിരുന്നത്.മെസ്സിയെ അഴുക്ക് ചാലിലെ എലി,കുള്ളൻ എന്നൊക്കെയാണ് ഇദ്ദേഹം അധിക്ഷേപിച്ചിട്ടുള്ളത്.

ബാഴ്സ ക്ലബ്ബിന്റെ CEO ആയ ഓസ്കാർ ഗ്രോ ഈ മെസ്സേജിനോട് യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനെ മറുപടിയായി കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ ബർതോമു എഴുതിയത് ഇങ്ങനെയാണ്.

” പല കാര്യങ്ങളിലും ഞാൻ നിങ്ങളോട് യോജിക്കുന്നു. പക്ഷേ എല്ലാത്തിനും മുകളിൽ നാം ബാഴ്സക്കാണ് മുൻഗണന നൽകുന്നത്. നിങ്ങൾ എഴുതിയത് പോലെയുള്ള ഇത്തരം കാര്യങ്ങൾ ബാഴ്സയുടെ പ്രതിച്ഛായയെ ബാധിക്കും ” ഇതാണ് ബർതോമു എഴുതിയിട്ടുള്ളത്.

ഏതായാലും ഈ വാട്സ്‌ആപ്പ് ചാറ്റുകൾ പുറത്ത് വന്നത് വലിയ രൂപത്തിലുള്ള വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *