അളക്കാൻ കഴിയാത്ത അത്രയും വലിയ ആഘാതം : ലയണൽ മെസ്സി ബാഴ്സ വിട്ടത് സാമ്പത്തികപരമായി ക്ലബ്ബിനെ ബാധിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി ചീഫ്!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണമായിരുന്നു മെസ്സിക്ക് ക്ലബ്ബിനോട് വിട പറയേണ്ടി വന്നത്. എല്ലാ അർത്ഥത്തിലും മെസ്സി ക്ലബ്ബ് വിട്ടത് ബാഴ്സക്ക് വൻ തിരിച്ചടി തന്നെയായിരുന്നു.

ഇപ്പോഴിതാ ESPN ന്റെ ജേണലിസ്റ്റും ബാഴ്സലോണ കറസ്പോണ്ടന്റുമായ സാം മാഴ്സ്ഡെൻ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി ബാഴ്സ വിട്ടത് അളക്കാൻ കഴിയാത്ത അത്രയും വലിയ ആഘാതമാണ് ക്ലബ്ബിന് ഏൽപ്പിച്ചത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എഫ്സി ബാഴ്സലോണയുടെ എക്സിക്യൂട്ടീവ് തന്നെയാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.

ഈയിടെ ബാഴ്സയുടെ സ്പോൺസർഷിപ്പ് പ്രമുഖ കമ്പനിയായ സ്പോട്ടിഫൈ ഏറ്റെടുത്തിരുന്നു.സ്റ്റേഡിയത്തിന്റെ പേര്, പുരുഷ – വനിത ടീമുകളുടെ കിറ്റുകൾ, ട്രെയിനിങ് ഷർട്ടുകൾ എന്നിവയുടെ അവകാശമൊക്കെ സ്പോട്ടിഫൈക്കാണ്.റാക്കുടെന് സമാനമായ അവകാശങ്ങൾ തന്നെയാണ് ഇവർക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ മെസ്സി ക്ലബ്ബ് വിട്ടതിൽ പ്രമുഖ സ്പോൺസർമാർക്ക് വലിയ എതിർപ്പുണ്ടായിരുന്നു.പക്ഷേ ആ സ്പോൺസർമാർ ആരാണ് എന്നുള്ളത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ബാഴ്സയുടെ വൈസ് പ്രസിഡണ്ടായ എഡാർഡ് റോമ്യൂ പങ്കുവെച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇതിപ്പോൾ മെസ്സിക്ക് ശേഷമുള്ള ഒരു യുഗമാണ്. അതുകൊണ്ടുതന്നെ ബാക്കിയുള്ള താരങ്ങളെ നല്ല രൂപത്തിൽ ഞങ്ങൾ മാർക്കറ്റ് ചെയ്യണം.പേരുകൾ ആലേഖനം ചെയ്ത ജേഴ്സികളായിരുന്നു ഞങ്ങൾ 50% വിറ്റഴിച്ചിരുന്നത്. ആ 50 ശതമാനത്തിന്റെ 80 ശതമാനവും ലയണൽ മെസ്സിയുടെ ജേഴ്സികളായിരുന്നു ” ഇതായിരുന്നു ബാഴ്സയുടെ വൈസ് പ്രസിഡണ്ട് സാം മാഴ്സ്ഡെനിനോട് പറഞ്ഞിരുന്നത്.

ചുരുക്കത്തിൽ സാമ്പത്തികപരമായി വലിയ തിരിച്ചടി തന്നെയാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ ഇതേ സാമ്പത്തിക പ്രശ്നങ്ങൾ തന്നെയായിരുന്നു മെസ്സിയെ കൈവിടാൻ ബാഴ്സയെ നിർബന്ധിതരാക്കിയതും.

Leave a Reply

Your email address will not be published. Required fields are marked *