അല്ലെഗ്രിയുടെ മുന്നിലേക്ക് വമ്പൻ ഓഫർ വെച്ച് നീട്ടി റയൽ മാഡ്രിഡ്‌?

റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ ഈ സീസണോടുകൂടി ടീമിന്റെ പരിശീലകസ്ഥാനമൊഴിയുമെന്നുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും മുഖ്യധാരാ മാധ്യമങ്ങളിൽ സജീവമാണ്. ഇത് സംബന്ധിച്ച ഒരു സൂചനയും സിദാൻ നൽകിയിരുന്നു. ചില സമയങ്ങളിൽ എല്ലാവരുടെയും നല്ലതിനുവേണ്ടി ടീം വിടേണ്ടി വന്നേക്കുമെന്നുള്ള ഒരു അഭിപ്രായം സിദാൻ പ്രകടിപ്പിച്ചിരുന്നു. 2018-ൽ തികച്ചും അപ്രതീക്ഷിതമായി കൊണ്ട് റയലിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ സിദാനിൽ നിന്നും അത്തരത്തിലുള്ള ഒരു പ്രവർത്തി ഒരിക്കൽക്കൂടി ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് റയൽ. അതുകൊണ്ടുതന്നെ മൂന്നുപേരെ സിദാന് പകരക്കാരായി റയൽ പരിഗണിക്കുന്നുണ്ട്. അല്ലെഗ്രി, റൗൾ, ജോക്കിം ലോ എന്നിവരാണ് അവർ.

ഇപ്പോഴിതാ മുൻ യുവന്റസ് പരിശീലകൻ മാസ്സിമിലിയാനോ അല്ലെഗ്രിക്ക് റയൽ ഒരു വമ്പൻ ഓഫർ വാഗ്ദാനം ചെയ്തു എന്ന വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിനെ ഉദ്ധരിച്ചു കൊണ്ട് മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. രണ്ട് വർഷത്തെ കരാറാണ് റയൽ ഇതുപ്രകാരം അല്ലെഗ്രിക്ക് ഓഫർ ചെയ്തിരിക്കുന്നത്. കൂടെ ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട്. പത്ത് മില്യൺ യൂറോയാണ് താരത്തിന് സാലറിയായി റയൽ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് ഇവർ പ്രതിപാദിക്കുന്നത്. എന്നാൽ ഈ ഓഫറിനോട് അല്ലെഗ്രി പ്രതികരിച്ചോ എന്നുള്ളത് ഡെല്ലോ സ്പോർട്ട് വ്യക്തമാക്കുന്നില്ല. യുവന്റസും അല്ലെഗ്രിയെ നോട്ടമിടുന്നുണ്ടെങ്കിലും അദ്ദേഹം തിരിച്ചു പോവാൻ സാധ്യത കുറവാണ്. അതേസമയം സിദാൻ റയൽ വിടുകയാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി ഏറ്റവും കൂടുതൽ രംഗത്തുണ്ടാവുക യുവന്റസ് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ പരിശീലകൻ പിർലോയെ യുവന്റസ് പുറത്താക്കാൻ സാധ്യതകൾ ഏറി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *