അറ്റാക്കിങ്ങിൽ എവിടെയും കളിക്കും, ഡിഫൻസിനെയും സഹായിക്കുന്നു:റാഫീഞ്ഞയെ പ്രശംസിച്ച് ചാവി!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സലോണ ലാസ് പാൽമസിനെ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ താരം റാഫീഞ്ഞയുടെ ഗോളാണ് ബാഴ്സലോണക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. മത്സരത്തിന്റെ 59ആം മിനുട്ടിൽ ഹെഡറിലൂടെയാണ് റാഫീഞ്ഞ ഗോൾ കണ്ടെത്തിയിട്ടുള്ളത്.ഫെലിക്സിന്റെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ നേടിയത്.

മത്സരത്തിൽ മറ്റൊരു ഗോൾ കൂടി റാഫീഞ്ഞ നേടിയിരുന്നുവെങ്കിലും റഫറി അത് ഓഫ് സൈഡ് വിധിക്കുകയായിരുന്നു. പക്ഷേ അത് ഗോളാണ് എന്ന അഭിപ്രായം ഇപ്പോൾ വ്യാപകമാണ്.അതുകൊണ്ടുതന്നെ റഫറിക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ഏതായാലും മിന്നും പ്രകടനം നടത്തിയ റാഫീഞ്ഞയെ പ്രശംസിച്ചുകൊണ്ട് ബാഴ്സ പരിശീലകനായ ചാവി രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“റാഫീഞ്ഞ വളരെയധികം ഡൈനാമിക്കായിട്ടുള്ള ഒരു താരമാണ്. അറ്റാക്കിങ്ങിലെ എല്ലാ പൊസിഷനുകളിലും കളിക്കാൻ അദ്ദേഹത്തിന് സാധിക്കും. ഒരുപാട് ഇന്റൻസിറ്റിയോട് കൂടിയാണ് അദ്ദേഹം കളിക്കുക. അദ്ദേഹം ഞങ്ങൾക്ക് ഒരുപാട് സംഭാവന ചെയ്യുന്നു. വളരെ ശാന്തമായ സ്പിരിറ്റോടുകൂടിയും പോസിറ്റീവായ പെരുമാറ്റത്തോടു കൂടിയുമാണ് റാഫീഞ്ഞ മത്സരം ആരംഭിച്ചത്. അദ്ദേഹത്തിന്റെ സൈക്കോളജി മികച്ചതായിരുന്നു, ഡിഫറെൻസ് സൃഷ്ടിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിൽ ഉണ്ടായിരുന്നു.അത് അദ്ദേഹം നേടുകയും ചെയ്തു. ടീമിന് വേണ്ടി വർക്ക് ചെയ്തു, ഡിഫൻസിനെ പോലും അദ്ദേഹം സഹായിച്ചു.അദ്ദേഹം സ്റ്റാർട്ട് ചെയ്യുന്നുവോ പകരക്കാരനായി വരുന്നുവോ എന്നതിൽ പ്രസക്തിയില്ല. അദ്ദേഹം ഞങ്ങളുടെ പ്രധാനപ്പെട്ട താരമാണ്.സീസണിൽ ഉടനീളം പല മത്സരങ്ങളിലും അദ്ദേഹം അസാധാരണമായ പ്രകടനം നടത്തിയിട്ടുണ്ട്.ഇന്നും അതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല കാര്യങ്ങൾ “ഇതാണ് ബാഴ്സ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ബാഴ്സലോണക്ക് വേണ്ടി ഈ സീസണിൽ ലാലിഗയിൽ 22 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.അതിൽ പതിമൂന്നു മത്സരങ്ങളിൽ മാത്രമാണ് സ്റ്റാർട്ട് ചെയ്തിട്ടുള്ളത്.5 ഗോളുകളും 7 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!