അരൗഹോ കടുത്ത ദേഷ്യത്തിൽ,ബാഴ്സ വിടാൻ സാധ്യത!
കഴിഞ്ഞ കോപ്പ അമേരിക്കയിലായിരുന്നു ബാഴ്സലോണയുടെ ഉറുഗ്വൻ സൂപ്പർ താരമായ റൊണാൾഡ് അരൗഹോക്ക് ഗുരുതരമായി പരിക്കേറ്റത്. ഇനി കുറച്ചുകാലം താരം പുറത്തിരിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ബാഴ്സലോണ അദ്ദേഹത്തെ ഈ സീസണിന് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നില്ല. വരുന്ന ജനുവരി മാസത്തിൽ അദ്ദേഹത്തെ രജിസ്റ്റർ ചെയ്യാം എന്നുള്ള ഒരു നിലപാടിലാണ് ഇപ്പോൾ ബാഴ്സലോണ ഉള്ളത്.
ഇക്കാര്യത്തിൽ ഈ ഡിഫൻഡർ കടുത്ത എതിർപ്പുണ്ട്. തന്നിൽ വിശ്വാസം അർപ്പിക്കാൻ ബാഴ്സലോണ തയ്യാറാകുന്നില്ല എന്നാണ് അരൗഹോ ഇപ്പോൾ കരുതുന്നത്.മാത്രമല്ല പല കാര്യങ്ങളിലും താരവും ക്ലബ്ബും തമ്മിൽ ഇപ്പോൾ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്.പിഎസ്ജിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അരൗഹോ റെഡ് കാർഡ് കണ്ട് പുറത്തു പോയിരുന്നു.അതിനുശേഷം ക്ലബ്ബിനകത്ത് നിന്ന് വേണ്ടത്ര പിന്തുണ താരത്തിന് ലഭിച്ചിട്ടില്ല എന്നാണ് താരം കരുതുന്നത്. മാത്രമല്ല ഗുണ്ടോഗൻ അദ്ദേഹത്തെ പരസ്യമായി വിമർശിച്ചതും താരത്തിന് പിടിച്ചിട്ടില്ല.
കഴിഞ്ഞ ജനുവരിയിൽ തന്നെ കരാർ പുതുക്കാൻ വേണ്ടിയുള്ള ഒരു ഓഫർ ബാഴ്സലോണ ഈ ഡിഫൻഡർക്ക് നൽകിയിരുന്നു.പക്ഷേ അദ്ദേഹം അത് തള്ളിക്കളയുകയായിരുന്നു. താൻ അർഹിക്കുന്ന രൂപത്തിലുള്ള ഒരു പുതിയ കരാറല്ല ബാഴ്സ നൽകിയത് എന്നതുകൊണ്ടാണ് അദ്ദേഹം അത് സ്വീകരിക്കാതിരുന്നത്.ഇങ്ങനെ പല കാര്യങ്ങളിലും അദ്ദേഹത്തിന് ക്ലബ്ബിനോട് എതിർപ്പുണ്ട്. പ്രത്യേകിച്ച് തന്നെ രജിസ്റ്റർ ചെയ്യാത്തതിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ദേഷ്യം ഉള്ളത്. അതുകൊണ്ടുതന്നെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടാൻ അരൗഹോ ശ്രമിച്ചേക്കും എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പല പ്രധാനപ്പെട്ട മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്,ബയേൺ എന്നിവരൊക്കെ ഈ ഡിഫൻഡറിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. പക്ഷേ താരത്തിന് പരിക്കേറ്റതോട് കൂടി ഇതെല്ലാം നിലച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സമ്മറിൽ ക്ലബ്ബ് വിടുക എന്നത് അരൗഹോയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമാവില്ല. പരിക്ക് തന്നെയാണ് തടസ്സമായി നിലകൊള്ളുന്നത്. പക്ഷേ ക്ലബ്ബ് വിടാനുള്ള ഒരു ശ്രമം താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായക്കും.