അരങ്ങേറ്റം ഗംഭീരമാക്കി എംബപ്പേ,റയലിന് കിരീടം!
ഇന്നലെ യുവേഫ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ റയൽ മാഡ്രിഡ് വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ അറ്റലാന്റയെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഇതോടെ റയൽ മാഡ്രിഡ് കിരീട നേട്ടത്തോടെ സീസണിന് തുടക്കം കുറിച്ചിട്ടുണ്ട്. അരങ്ങേറ്റ മത്സരം എംബപ്പേ ഗംഭീരമാക്കിയതും റയൽ ആരാധകർക്ക് സന്തോഷം നൽകിയ കാര്യമാണ്.
എംബപ്പേ-വിനി-റോഡ്രിഗോ എന്ന മുന്നേറ്റ നിരയാണ് കാർലോ ആഞ്ചലോട്ടി ഉപയോഗപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ റയൽ ഒരല്പം ബുദ്ധിമുട്ടി.ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. മത്സരത്തിന്റെ 59 മിനിറ്റിൽ വിനിയുടെ അസിസ്റ്റിൽ നിന്ന് ഫെഡ വാൽവെർദെയാണ് ആദ്യ ഗോൾ നേടിയത്. പിന്നീടാണ് അരങ്ങേറ്റക്കാരൻ കിലിയൻ എംബപ്പേയുടെ ഗോൾ പിറന്നത്.68ആം മിനുട്ടിൽ ബെല്ലിങ്ങ്ഹാമിന്റെ അസിസ്റ്റിൽ നിന്നായിരുന്നു എംബപ്പേയുടെ ഗോൾ വന്നത്.
ഇതോടെ റയൽ മാഡ്രിഡ് വിജയവും കിരീടവും ഉറപ്പിച്ചു. അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടിക്കൊണ്ട് കിരീടം നേടാൻ കഴിഞ്ഞു എന്നത് എംബപ്പേയെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്.ഇനി ലാലിഗയിൽ ആണ് റയൽ മാഡ്രിഡ് കളിക്കുക.