അയാക്സിന്റെ ശ്രമങ്ങൾ വിഫലം, റിക്കി പുജ്‌ ബാഴ്‌സയിൽ തന്നെ തുടരും !

ജോയൻ ഗാമ്പർ ട്രോഫി മത്സരത്തിനുള്ള സ്ക്വാഡിൽ നിന്നും പുജിനെ കൂമാൻ പുറത്താക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ മറനീക്കി പുറത്തേക്ക് വന്നത്. താരത്തിന് തന്റെ ടീമിൽ സ്ഥാനം നൽകാൻ കഴിയില്ലെന്ന് റൊണാൾഡ് കൂമാൻ പരോക്ഷമായി പ്രസ്താവിച്ചിരുന്നു. താരത്തിന്റെ മിഡ്‌ഫീൽഡ് പൊസിഷനിൽ നിരവധി താരങ്ങൾ ബാഴ്സക്ക് ഉണ്ട് എന്നും ആയതിനാൽ ബാഴ്സയിൽ തുടർന്നാൽ താരത്തിന് അവസരങ്ങൾ ലഭിക്കില്ലെന്നും ലോണിലെങ്കിലും താരത്തോട് ക്ലബ് വിടാൻ കൂമാൻ ഉപദേശം നൽകുകയുമായിരുന്നു. ഈയൊരു യുവപ്രതിഭയുടെ കാര്യത്തിൽ കൂമാൻ ഇത്തരമൊരു നിലപാട് കൈകൊണ്ടത് ആരാധകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് താരത്തെ ലോണിൽ അയക്കാനുള്ള നീക്കങ്ങൾ ബാഴ്സ തുടക്കം കുറിച്ചിരുന്നു. ഫലമെന്നോണം ലാലിഗയിലെ ഒരുപിടി ക്ലബുകളും അയാക്‌സും താരത്തിന് വേണ്ടി രംഗത്ത് വന്നിരുന്നു. അയാക്സ് ആയിരുന്നു താരത്തെ സ്വന്തമാക്കാൻ ഒരുപടി മുമ്പിൽ ഉണ്ടായിരുന്നത്. എന്നാൽ അയാക്സിന്റെ നീക്കങ്ങൾ ഇപ്പോൾ വിഫലമായിരിക്കുകയാണ്. ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം താരം ബാഴ്സയിൽ തന്നെ തുടർന്നേക്കും എന്നാണ് അറിയാൻ കഴിയുന്നത്.

പ്രമുഖ സ്പാനിഷ് മാധ്യമങ്ങളായ മാർക്ക, മുണ്ടോ ഡിപോർട്ടിവോ എന്നിവർ ഇക്കാര്യം പുറത്തു വിട്ടിട്ടുണ്ട്. താരത്തിന്റെ പിതാവായ കാർലോസ് പുജ്‌ ഇന്നലെ ബാഴ്‌സയുടെ ആസ്ഥാനത്ത് എത്തി ബാഴ്‌സ അധികൃതരെ കണ്ടിരുന്നു. ആ കൂടിക്കാഴ്ച്ചയിലാണ് പുജിന്റെ ഭാവിയെ പറ്റി ചർച്ച ചെയ്തത്. താരത്തിന് കാരണവശാലും ക്ലബ് വിട്ടു പോകാൻ ആഗ്രഹമില്ല എന്ന് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്ത് വന്നാലും ബാഴ്സയിൽ തുടരാൻ തന്നെയാണ് പുജിന്റെ തീരുമാനം. തുടർന്ന് കൂമാന്റെ കീഴിൽ തന്റെ സ്ഥാനം കണ്ടെത്താനായി പൊരുതാനുമാണ് പുജ്‌ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് എളുപ്പമാവില്ല എന്നാണ് കണക്കുക്കൂട്ടലുകൾ. എന്തെന്നാൽ കേവലം രണ്ട് മിഡ്‌ഫീൽഡർമാരെ മാത്രമാണ് കൂമാൻ ഉപയോഗിക്കുക. ആ സ്ഥാനത്തേക്ക് നിലവിൽ നാലു പേരുണ്ട്. ഡിജോങ്, ബുസ്ക്കെറ്റ്സ്, പ്യാനിക്ക്, അലെന എന്നിവരാണ് അവർ. ഇവരെ മറികടന്നു കൊണ്ട് വേണം പുജിന് സ്ഥാനം നേടാൻ. അതേ സമയം വിദാൽ, റാക്കിറ്റിച്ച്, ആർതർ എന്നിവർ ക്ലബ് വിട്ടിട്ടും ബാഴ്സ മധ്യനിരയിൽ കൂമാന് ഇപ്പോഴും ആളേറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *