അഭ്യൂഹങ്ങൾക്ക് വിട, സാവി ഉടൻ ബാഴ്സയിലേക്കില്ല

എഫ്സി ബാഴ്സലോണയുടെ നിലവിലെ പരിശീലകൻ കീക്കെ സെറ്റിയന്റെ ഭാവി തുലാസിലാണ് എന്നുള്ളത് പലരും റിപ്പോർട്ട്‌ ചെയ്ത കാര്യമാണ്. അടുത്ത സീസണിൽ അദ്ദേഹം ബാഴ്‌സയെ പരിശീലിപ്പിക്കാനുള്ള സാധ്യതകൾ കുറവാണ്. ഈ സീസണിൽ തന്നെ താരത്തെ പുറത്താക്കുമെന്നും പകരം മറ്റൊരു കോച്ചിനെ നിയോഗിക്കുമെന്നും വാർത്തകൾ പരന്നിരുന്നു. ബാഴ്‌സ പരിശീലകസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നായിരുന്നു മുൻ ബാഴ്സ ഇതിഹാസം സാവി ഹെർണാണ്ടസിന്റെ നാമം. താരം അടുത്ത സീസണിൽ ബാഴ്സയുടെ പരിശീലകവേഷത്തിൽ ഉണ്ടാവുമെന്ന് ഊഹാപോഹങ്ങൾ പരന്നിരുന്നു. എന്നാൽ സാവി ഉടനടി ബാഴ്സയിലേക്ക് വരികയില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണിപ്പോൾ. താരം നിലവിൽ പരിശീലിപ്പിക്കുന്ന ഖത്തർ ക്ലബ് താരത്തിന്റെ കരാർ പുതുക്കിയതോടെയാണ് സാവി ഉടനടി ബാഴ്സയിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ഖത്തർ ക്ലബ്‌ അൽ-സാദ് ആണ് സാവിയുടെ കരാർ അടുത്ത സീസണിലേക്ക് കൂടെ നീട്ടിയത്.

അദ്ദേഹത്തിന്റെ കരാർ പുതുക്കിയ കാര്യം ക്ലബ്‌ തന്നെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ സീസണിലായിരുന്നു സാവി ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. ഖത്തർ കപ്പ്‌, സൂപ്പർ കപ്പ്‌ എന്നീ കിരീടങ്ങൾ നേടിക്കൊടുക്കാൻ സാവിക്ക് സാധിച്ചിരുന്നു. കരാർ പുതുക്കിയതിൽ സാവി സന്തോഷം അറിയിച്ചു. ” ഈ മഹത്തായ ക്ലബിനോടൊപ്പം ഒരു വർഷം കൂടി ഭാഗമാകാനാവുന്നതിൽ വളരെയധികം സന്തോഷം തോന്നുന്നു. ഞങ്ങൾ ഞങ്ങളുടെ കഠിനാദ്ധ്യാനം തുടരും ഞങ്ങളിൽ ഉള്ള ക്ലബിന്റെ ആത്മവിശ്വാസം നിലനിർത്താൻ പരമാവധി ശ്രമിക്കും ” സാവി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *