അന്ന് മോശം സൈനിങ്,ഇന്ന് അതേ മാർക്കയുടെ ലെജന്റ് അവാർഡ് കരസ്ഥമാക്കി ലൂക്ക മോഡ്രിച്ച്!
2012-ലായിരുന്നു ക്രോയേഷ്യൻ സൂപ്പർ താരമായ ലുക്ക മോഡ്രിച്ച് ടോട്ടെൻഹാം വിട്ടുകൊണ്ട് റയലിലേക്ക് എത്തിയത്. അന്ന് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ആരാധകർക്കിടയിൽ ഒരു പോൾ സംഘടിപ്പിച്ചിരുന്നു.ആ പോളിൽ ആ വർഷത്തെ റയലിന്റെ ഏറ്റവും മോശം സൈനിങ്ങായി കൊണ്ട് ആരാധകർ തിരഞ്ഞെടുത്തിരുന്നത് മോഡ്രിച്ചിനെയായിരുന്നു.
എന്നാൽ ഇന്നിപ്പോൾ അതേ മാർക്ക സമ്മാനിക്കുന്ന ലെജന്റ് അവാർഡ് കരസ്ഥമാക്കിയിട്ടുള്ളത് മോഡ്രിച്ചാണ്. തന്റെ കരിയറിൽ നടത്തിയ മിന്നുന്ന പ്രകടനം പരിഗണിച്ചാണ് മാർക്ക ഈ പുരസ്കാരം താരത്തിന് സമ്മാനിച്ചിട്ടുള്ളത്.മാർക്കയുടെ ജേണലിസ്റ്റുകളാണ് മോഡ്രിച്ചിനെ ഈ പുരസ്കാരത്തിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.
🎖️ @lukamodric10 has been presented with the @marca Leyenda award for his brilliant career!#RealFootball pic.twitter.com/jZ8qOtTysC
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) May 18, 2022
ഏതായാലും ഈ അവാർഡ് നേട്ടത്തിൽ മോഡ്രിച്ച് തന്റെ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ഓരോ ദിവസവും ആരാധകർ എനിക്ക് നൽകുന്ന സ്നേഹത്തോട് ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. ഓരോ തവണ ജേഴ്സി അണിയുമ്പോഴും അതിന് പകരം നൽകാനാണ് ഞാൻ ശ്രമിക്കാറുള്ളത്. റയൽ മാഡ്രിഡ് എന്റെ വീടാണ്. ഞാൻ ഇവിടെ വളരെയധികം സന്തോഷവാനാണ്. എന്റെ ജീവിത കാലം മുഴുവനും ഞാൻ മാഡ്രിഡിസ്റ്റ ആയിരിക്കും. ഈയൊരു അവാർഡിന് ഞാൻ എല്ലാവരോടും നന്ദി പറയുന്നു. ഇതൊരു വലിയ ആദരം തന്നെയാണ് ” ഇതാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.
റയലിനൊപ്പം ആകെ 19 കിരീടങ്ങൾ ചൂടാൻ മോഡ്രിച്ചിന് സാധിച്ചിട്ടുണ്ട്. നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് ലാലിഗ കിരീടങ്ങളും അതിൽ ഉൾപ്പെടുന്നു.