അധികകാലമൊന്നും പരിശീലകസ്ഥാനത്ത് ഉണ്ടാവില്ലെന്ന് സിദാൻ

ദീർഘകാലമൊന്നും പരിശീലകസ്ഥാനത്ത് തുടരാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് വെളിപ്പെടുത്തി റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ. കഴിഞ്ഞ ദിവസം നടത്തിയ പ്രീ മാച്ച് പത്രസമ്മേളനത്തിലാണ് തന്റെ പരിശീലകകരിയറിനെ കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്. പരിശീലകനാവാൻ ഒരിക്കലും ഉദ്ദേശമില്ലായിരുന്നുവെന്നും പരിശീലകവേഷം തനിക്ക് അണിയേണ്ടി വന്നതാണെന്നും എന്നിരുന്നാലും അതിൽ താൻ സന്തോഷവാനാണെന്നുമാണ് സിദാൻ പ്രസ്താവിച്ചത്. പരിശീലകൻ ആയതിനേക്കാൾ കൂടുതൽ താൻ ആസ്വദിച്ചത് ഫുട്ബോൾ താരമായിരുന്നതായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് ലാലിഗയിൽ നടക്കുന്ന റയൽ മാഡ്രിഡ്‌- എസ്പാനോൾ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്പാനോളിന്റെ മൈതാനത്തു വെച്ച് ഇന്ന് രാത്രി ഇന്ത്യൻ സമയം ഒന്നരക്കാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ റയലിന് ജയിക്കാനായാൽ ബാഴ്സയെ രണ്ട് പോയിന്റുകൾക്ക് പിന്തള്ളി കൊണ്ട് റയലിന് ഒന്നാം സ്ഥാനം നേടാൻ കഴിയും.

” ഒരു പരിശീലകൻ എന്നതിനേക്കാൾ ഒരു ഫുട്ബോളർ എന്ന നിലക്കായിരുന്നു ഞാൻ കൂടുതൽ നന്നായിരുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ അത് എങ്ങനെയൊക്കെ ആയാലും ഇപ്പോൾ ഞാൻ ചെയ്യുന്ന കാര്യത്തിൽ ഞാൻ സന്തോഷവാനാണ്. ഞാനൊരിക്കലും ഇരുപത് വർഷമൊന്നും പരിശീലകനായിരിക്കാൻ ഉദ്ദേശിക്കുന്നില്ല. എത്ര വർഷം ഞാൻ പരിശീലകൻ സ്ഥാനത്തിരിക്കുമെന്ന് എനിക്ക് തന്നെ അറിയില്ല. ഞാനങ്ങനെ മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കുന്ന ഒരാളല്ല. ഓരോ ദിവസവും എന്താണോ എന്നെ ഉത്തേജിപ്പിക്കുന്നത്, അത്പോലെയുള്ള മറ്റുള്ള കാര്യങ്ങൾ ചെയ്തു പോവുകയാണ് പതിവ്. കുട്ടിക്കാലം തൊട്ടേ ഒരു ഫുട്‍ബോളർ ആവണമെന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ പതിനെട്ട് വർഷത്തോളം ഫുട്ബോൾ താരമായിരുന്നു. അന്ന് നിങ്ങൾ എന്നോട് പരിശീലകനാവാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നേൽ തീർച്ചയായും ഇല്ല എന്നായിരിക്കും എന്റെ ഉത്തരം. പക്ഷെ അവസാനം, എനിക്ക് പരിശീലകവേഷമണിയേണ്ടി വന്നു. തീർച്ചയായും ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനെയാണ് ഞാൻ പരിശീലിപ്പിക്കുന്നത് എന്നുള്ളത് എനിക്കേറെ സന്തോഷം നൽകുന്ന കാര്യമാണ്. മാത്രമല്ല ഇത് ഞാൻ നല്ല രീതിയിൽ ആസ്വദിച്ചു തുടങ്ങിയിട്ടുമുണ്ട് ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *