അത് House Of Horror ഒന്നുമല്ലല്ലോ? ബയേണിനെതിരെയുള്ള മത്സരത്തിന് മുന്നേ സാവി പറയുന്നു!

ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗിൽ വമ്പൻമാരായ എഫ് സി ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിൽ നേർക്കുനേർ വരികയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബയേണിന്റെ മൈതാനമായ അലിയൻസ് അരീനയിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.ബയേണിന്റെ മൈതാനത്തെ ഇതുവരെ വിജയിക്കാൻ കഴിയാത്ത ടീമാണ് ബാഴ്സ. 6 മത്സരങ്ങൾ കളിച്ചപ്പോൾ നാല് തോൽവിയും രണ്ട് സമനിലയുമായിരുന്നു അലിയൻസ് അരീനയിൽ ബാഴ്സക്ക് ലഭിച്ചിരുന്നത്. 14 ഗോളുകൾ വഴങ്ങേണ്ടി വരികയും ചെയ്തു.

എന്നാൽ ബാഴ്സയുടെ പരിശീലകനായ സാവി അലിയൻസ് അരീനയെ ഭയപ്പെടുന്നില്ല.അത് House Of Horror അഥവാ ഭയപ്പെടുത്തുന്ന വീടല്ല മറിച്ച് ബയേൺ മ്യൂണിക്കാണ് എന്നാണ് ഇതേക്കുറിച്ച് സാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഇതൊരു House Of Horror ആണ് എന്ന് ഞാൻ പറയില്ല. മറിച്ച് ഇത് ബയേൺ മ്യൂണിക്കാണ്. ഈ നാണയത്തിന്റെ രണ്ട് വശവും അനുഭവിച്ച വ്യക്തിയാണ് ഞാൻ.ബയേണിനെ പരാജയപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്,ബയേണിനോട് പരാജയം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. സമീപകാലത്തെ റിസൾട്ടുകൾ ഞങ്ങൾക്ക് അനുകൂലമല്ല എന്ന് എനിക്കറിയാം. പക്ഷേ ഫുട്ബോൾ ചാക്രികമാണ്. കാര്യങ്ങൾ മാറി മറിയാം.ഇവിടെ ഞങ്ങൾ വിജയിച്ചിട്ടില്ല എന്നുള്ളത് സത്യമാണ്.അത് ഈ മത്സരത്തിന്റെ ബുദ്ധിമുട്ടിനെയാണ് കാണിച്ചുതരുന്നത്. പക്ഷേ ഞങ്ങൾ മികച്ച ഫോമിലാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ടുതന്നെ ഈ മത്സരത്തിന് വളരെയധികം എക്സൈറ്റഡ് ആണ് ” ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ബാഴ്സയും ബയേണും ഏറ്റുമുട്ടിയിരുന്നു. എന്നാൽ രണ്ട് മത്സരങ്ങളിലും എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്സ പരാജയപ്പെടുകയായിരുന്നു. മാത്രമല്ല അതിനു മുൻപ് ചാമ്പ്യൻസ് ലീഗിൽ ഏറ്റുവാങ്ങേണ്ടി 8-2 ന്റെ തോൽവിയും ബാഴ്സയെ വേട്ടയാടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *