അത് ഫുട്ബോളിനെ തകർക്കും,ബാഴ്സ ശരിയായ വഴിയിലല്ല : സ്വന്തം ക്ലബ്ബിനെതിരെ തിരിഞ്ഞ് പീക്കെ!
ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട 12 ക്ലബ്ബുകൾ ഒരുമിച്ച് കൊണ്ടായിരുന്നു യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയത്തിന് രൂപം നൽകിയിരുന്നത്. എന്നാൽ വ്യാപകമായ പ്രതിഷേധങ്ങൾ കാരണം 9 ക്ലബ്ബുകൾ ഇതിൽ നിന്ന് പിന്മാറിയിരുന്നു. നിലവിൽ വമ്പന്മാരായ എഫ്സി ബാഴ്സലോണ, റയൽ മാഡ്രിഡ്,യുവന്റസ് എന്നിവർ മാത്രമാണ് സൂപ്പർ ലീഗിൽ അവശേഷിക്കുന്നത്.
ഏതായാലും എഫ്സി ബാഴ്സലോണയുടെ സൂപ്പർതാരമായ ജെറാർഡ് പീക്കെ ഇപ്പോൾ സൂപ്പർ ലീഗിനെതിരെ തിരിഞ്ഞിട്ടുണ്ട്. അതായത് യൂറോപ്യൻ സൂപ്പർ ലീഗിനെ ഫുട്ബോളിനെ തകർക്കുമെന്നും ഇക്കാര്യത്തിൽ ബാഴ്സയും റയലും ശരിയായ വഴിയിലല്ല സഞ്ചരിക്കുന്നത് എന്നുമാണ് പീക്കെ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ഗാരി നെവില്ലെയുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പീക്കെ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 13, 2022
” ഇവിടെ സ്പെയിനിൽ ഈ യൂറോപ്യൻ സൂപ്പർ ലീഗിന് രാഷ്ട്രീയപരമായ വശവുമുണ്ട്.ഇതിനെ പിന്തുണക്കുന്ന ആളുകളാണ് ഇപ്പോൾ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. ഇംഗ്ലണ്ടിലെ പോലെയല്ല കാര്യങ്ങൾ ഇവിടെയുള്ളത്. അവിടെ ഒരുപാടുപേർ ഇതിനെതിരെയാണ്. എന്റെ അഭിപ്രായത്തിൽ യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോളിനെ തകർക്കുകയാണ് ചെയ്യുക. കാരണം വലിയ ക്ലബ്ബുകൾക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിക്കുക. ശരിയായ വഴിയിലാണ് റയലും ബാഴ്സയും ഇക്കാര്യത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല. ഈയൊരു പ്രസ്താവനയിലൂടെ ഞാൻ എന്റെ ക്ലബ്ബിനെതിരെ നിൽക്കുകയാണ്. പക്ഷേ ബാഴ്സയുടെയും റയലിന്റെയും യുവന്റസിന്റെയും പൊസിഷൻ എന്താണ് എന്നുള്ളത് എനിക്ക് പൂർണ്ണമായും മനസ്സിലാവും ” ഇതാണ് പീക്കെ പറഞ്ഞിട്ടുള്ളത്.
നിലവിൽ ഈ മൂന്ന് ക്ലബുകളും സൂപ്പർ ലീഗ് ആശയത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. ഇവർക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് തന്നെയാണ് ഇപ്പോഴും യുവേഫ ആവർത്തിക്കുന്നത്.