അത്ലറ്റിക്കോയുടെ രക്ഷകനായി സുവാരസ്, കിരീടപ്രതീക്ഷകൾ നിലനിർത്തി റയൽ!

ലാലിഗയിൽ ഇന്നലെ നടന്ന മുപ്പത്തിയേഴാം റൗണ്ട് പോരാട്ടത്തിൽ ജയം നേടി അത്ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒസാസുനയെ അത്ലറ്റിക്കോ പരാജയപ്പെടുത്തിയത്. റയലാവട്ടെ ഏകപക്ഷീയമായ ഒരു ഗോളിന് അത്ലറ്റിക് ക്ലബ്ബിനെ കീഴടക്കുകയും ചെയ്തു. ഒരു മത്സരം മാത്രം അവശേഷിക്കെ അത്ലറ്റിക്കോ ഒന്നാം സ്ഥാനത്തും റയൽ രണ്ടാം സ്ഥാനത്തുമാണ്.83 പോയിന്റാണ് അത്ലറ്റിക്കോയുടെ സമ്പാദ്യമെങ്കിൽ 81 പോയിന്റാണ് റയലിന്റെ സമ്പാദ്യം.

ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നാണ് അത്ലറ്റിക്കോ ജയത്തിലേക്ക് കുതിച്ചെത്തിയത്. സൂപ്പർ താരം ലൂയിസ് സുവാരസ് അത്ലറ്റിക്കോയുടെ വീരപുരുഷനായി മാറുകയായിരുന്നു.മത്സരത്തിന്റെ 59-ആം മിനിറ്റിൽ സാവിച്ച് അത്ലറ്റിക്കോക്ക് വേണ്ടി ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് ആവുകയായിരുന്നു.75-ആം മിനുട്ടിൽ അത്ലറ്റിക്കോയെ ഞെട്ടിച്ചു കൊണ്ട് ഒസാസുന ലീഡ് നേടി.റൂബൻ ഗാർഷ്യയുടെ അസിസ്റ്റിൽ നിന്ന് ബുഡിമറാണ് ഗോൾ നേടിയത്.എന്നാൽ 82-ആം മിനിറ്റിൽ റെനാൻ ലോദി അത്ലറ്റിക്കോക്ക് സമനില നേടികൊടുത്തു.ഫെലിക്സ് ആണ് ഈ ഗോളിന് വഴിയൊരുക്കിയത്.88-ആം മിനിറ്റിലാണ് സുവാരസിന്റെ വിജയഗോൾ വരുന്നത്.കരാസ്ക്കോയായിരുന്നു ഇതിന് വഴിയൊരുക്കിയത്.ജയത്തോടെ ഒന്നാം സ്ഥാനം അത്ലറ്റിക്കോ തന്നെ കരസ്ഥമാക്കുകയായിരുന്നു.

അതേസമയം അത്ലറ്റിക്ക് ക്ലബ്ബിനെ ഒരു ഗോളിന് തോൽപ്പിച്ച് കൊണ്ടാണ് റയൽ പ്രതീക്ഷകൾ നിലനിർത്തിയത്.68-ആം മിനിറ്റിൽ കാസമിറോയുടെ അസിസ്റ്റിൽ നിന്ന് നാച്ചോയാണ് റയലിന്റെ വിജയഗോൾ നേടിയത്.ഇനി വിയ്യാറയലിനെതിരെയാണ് റയലിന്റെ മത്സരം.അത്ലറ്റിക്കോയുടെ എതിരാളികളാവട്ടെ റയൽ വല്ലഡോലിഡും. അത്ലറ്റിക്കോ വിജയിച്ചാൽ അവർക്ക് കിരീടം ചൂടാം. മറിച്ച് സമനിലയോ തോൽവിയോ വഴങ്ങുകയും റയൽ വിയ്യാറയലിനെ കീഴടക്കുകയും ചെയ്താൽ കിരീടം റയൽ നേടും.

Leave a Reply

Your email address will not be published. Required fields are marked *