അത്ലറ്റിക്കോയുടെ ബസിന് നേരെയുള്ള ആക്രമണം,രോഷാകുലനായി സിമയോണി!
ഇന്നലെ നടന്ന കോപ ഡെൽ റേയുടെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡ് തോൽവി ഏറ്റുവാങ്ങിയിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റയൽ സോസിഡാഡായിരുന്നു അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയത്.പ്രതിരോധനിരയിലെ പിഴവുകളാണ് അത്ലറ്റിക്കോക്ക് വിനയായത്.ഇതോടെ കോപ ഡെൽ റേയിൽ നിന്ന് അത്ലറ്റിക്കോ പുറത്താവുകയും ചെയ്തു.
ഏതായാലും ഈ മത്സരത്തിനെത്തിയ അത്ലറ്റിക്കോ ടീമിനെ വരവേറ്റത് മോശം അനുഭവങ്ങളായിരുന്നു.റയൽ സോസിഡാഡിന്റെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരം അരങ്ങേറിയിരുന്നത്.മത്സരത്തിന് വേണ്ടി സ്റ്റേഡിയത്തിലേക്ക് എത്തിയ അത്ലറ്റിക്കോയുടെ ബസിന് നേരെ റയൽ സോസിഡാഡ് ആരാധകർ ആക്രമണങ്ങൾ അഴിച്ചു വിടുകയായിരുന്നു. കല്ലുൾപ്പെടെയുള്ള സാധന സാമഗ്രികൾ റയൽ സോസിഡാഡിന്റെ ആരാധകർ അത്ലറ്റിക്കോ ബസിന് നേരെ എറിയുകയായിരുന്നു.അത് മാത്രമല്ല, വൻതോതിലുള്ള അസഭ്യവർഷവും അത്ലറ്റിക്കോക്ക് ഏൽക്കേണ്ടിവന്നു.
Diego Simeone remonté, affronte les supporters et leur demande d'arrêter d'agresser le bus de l'Atleti.
— Atleti Francia 🇫🇷 (@AtletiFrancia) January 19, 2022
Diego Pablo Simeone. ❤️🤍pic.twitter.com/7feNC6RmRx
എന്നാൽ ഇതിനെതിരെ ഉടൻ തന്റെ രോഷം അത്ലറ്റിക്കോ പരിശീലകനായ ഡിയഗോ സിമയോണി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.ബസ് ഡോറിന്റെ അടുത്ത് നിന്ന് റയൽ സോസിഡാഡ് ആരാധകരോട് സിമയോണി കയർക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു.വലിയ രൂപത്തിലുള്ള ആൾക്കൂട്ടമായിരുന്നു അത്ലറ്റിക്കോ ബസിനെ തടഞ്ഞിരുന്നത്.പിന്നീട് പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
കോപ ഡെൽ റേയിൽ നിന്നും പുറത്തായതോടെ ഒരു മോശം സമയത്തിലൂടെയാണിപ്പോൾ അത്ലറ്റിക്കോ കടന്നുപോകുന്നത്.നിലവിലെ ചാമ്പ്യൻമാരായ അത്ലറ്റിക്കോ ഇപ്പോൾ നാലാം സ്ഥാനത്താണ്.ഒന്നാം സ്ഥാനക്കാരായ റയലിനേക്കാൾ 16 പോയിന്റിനാണ് അത്ലറ്റിക്കോ പിറകിൽ നിൽക്കുന്നത്.