അത്ലറ്റിക്കോയിലേക്കാൾ പ്രാധാന്യം എനിക്ക് അർജന്റീനയിലുണ്ട്: തുറന്ന് പറഞ്ഞ് ഡി പോൾ!

അർജന്റീനയുടെ സമീപകാലത്തെ കിരീട നേട്ടങ്ങളിൽ വലിയ പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുള്ള സൂപ്പർതാരമാണ് റോഡ്രിഗോ ഡി പോൾ. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരെ ഡി മരിയ വിജയ ഗോൾ സ്വന്തമാക്കിയത് ഡി പോളിന്റെ അസിസ്റ്റിൽ നിന്നായിരുന്നു. പിന്നീട് അർജന്റീനക്കൊപ്പം ഫൈനലിസിമയും ഖത്തർ വേൾഡ് കപ്പ് കിരീടവും ഡി പോൾ സ്വന്തമാക്കി. അർജന്റീനയുടെ മധ്യനിരയിലെ സ്ഥിര സാന്നിധ്യം ഇപ്പോൾ റോഡ്രിഗോ ഡി പോൾ തന്നെയാണ്.

സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് ഈ താരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അത്ലറ്റിക്കോയിലേക്കാൾ പ്രാധാന്യം തനിക്ക് അർജന്റീന ടീമിൽ ഉണ്ട് എന്ന കാര്യം ഡി പോൾ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.അത്ലറ്റിക്കോയിൽ പ്രാധാന്യം ലഭിക്കാൻ താൻ ചെയ്യേണ്ടത് എന്താണ് എന്നത് ഡി പോൾ തന്നെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. സൂപ്പർ താരത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“അത്ലറ്റിക്കോയിലേക്കാൾ പ്രാധാന്യം എനിക്ക് അർജന്റീന ദേശീയ ടീമിലുണ്ട്.അങ്ങനെയാണ് എനിക്ക് തോന്നുന്നത്.അത്ലറ്റിക്കോയിൽ ഞാൻ ഒരു പടി കൂടി മുന്നേറാനുണ്ട്.സത്യം എന്തെന്നാൽ ഞാൻ അർജന്റീനയുടെ ദേശീയ ടീമിലേക്ക് വരുന്ന സമയത്ത് അവിടെ കൃത്യമായ ഒരു ഘടന ഇല്ലായിരുന്നു.പിന്നീട് ഞങ്ങൾ അത് ഉണ്ടാക്കിയെടുക്കുകയായിരുന്നു. എനിക്ക് കൂടുതൽ ഡിസിഷൻ മേക്കിങ്ങിൽ അധികാരം ഉണ്ടായിരുന്നു. എന്നാൽ അത്ലറ്റിക്കോയിൽ അങ്ങനെയല്ല. ഞാൻ വരുന്ന സമയത്ത് തന്നെ അവിടെ ഒരു ബേസ് നിർമ്മിക്കപ്പെട്ടിട്ടുണ്ട്.ഞാൻ അതിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ് ചെയ്തത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നോക്കുമ്പോൾ എനിക്ക് ഇത്തവണ കൂടുതൽ പ്രാധാന്യം അനുഭവപ്പെടുന്നുണ്ട്. കൂടുതൽ സ്വാധീനം ചെലുത്താൻ സാധിക്കുന്നുണ്ട് ” ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ആകെ 14 മത്സരങ്ങൾ കളിച്ച ഈ താരത്തിന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല.രണ്ട് അസിസ്റ്റുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.അടുത്ത മത്സരത്തിൽ സെവിയ്യയാണ് അത്ലറ്റിക്കോയുടെ എതിരാളികൾ. നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് അത്ലറ്റിക്കോ മാഡ്രിഡ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *