അത്ലറ്റിക്കോക്ക് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ കഴിയും,അതിനുള്ള ടീമുണ്ട്: ഹൂലിയൻ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് അത്ലറ്റിക്കോ മാഡ്രിഡ് അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസിനെ സ്വന്തമാക്കിയത്. ഒരു റെക്കോർഡ് തുക തന്നെ അവർ താരത്തിനായി ചിലവഴിച്ചിട്ടുണ്ട്. എന്നാൽ മികച്ച ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ ഹൂലിയന് കഴിഞ്ഞിട്ടില്ല. ലാലിഗയിൽ ആറു മത്സരങ്ങൾ കളിച്ചിട്ട് കേവലം ഒരു ഗോൾ മാത്രമാണ് ഹൂലിയന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിലും അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഈ സമ്മറിൽ ഹൂലിയനെ കൂടാതെ നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ അത്ലറ്റിക്കോക്ക് കഴിഞ്ഞിരുന്നു. ഒരു മികച്ച ടീം തന്നെ അത്ലറ്റിക്കോ മാഡ്രിഡിന് ഉണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഹൂലിയൻ ആൽവരസും അത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരെ എത്താനുള്ള ടീം അത്ലറ്റിക്കോ മാഡ്രിഡിന് ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്
” ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരെ എത്താനുള്ള ഒരു ടീം തീർച്ചയായും അത്ലറ്റിക്കോ മാഡ്രിഡിനുണ്ട്.ഞങ്ങൾ അത് വിശ്വസിക്കുന്നു.അതിന് സാധിക്കുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. കാരണം മികച്ച ഒരു സ്‌ക്വാഡ് തന്നെയാണ് ഞങ്ങൾക്കുള്ളത്.ലോകത്തെ ഏത് ടീമുമായും പോരാടാൻ ഞങ്ങൾക്ക് സാധിക്കും. അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരെ ഞങ്ങൾ എത്തിയേക്കാം ” ഇതാണ് അർജന്റൈൻ താരം പറഞ്ഞിട്ടുള്ളത്.
പ്രതീക്ഷിച്ച നിലവാരത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അത്ലറ്റിക്കോ മാഡ്രിഡിന് കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ്. ലീഗിൽ ആറു മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.ബാക്കിയുള്ള മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെടുകയായിരുന്നു.ഇനി സെൽറ്റ വിഗോക്കെതിരെ ഒരു മത്സരം അവർ കളിക്കുന്നുണ്ട്.അതിനുശേഷം നഗരവൈരികളായ റയൽ മാഡ്രിഡിനെയാണ് അവർ ലാലിഗയിൽ നേരിടുക.