അത്ലറ്റികോയുടെ രണ്ട് പേർക്ക് കോവിഡ്, ചാമ്പ്യൻസ് ലീഗിൽ ആശങ്ക !

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കൊരുങ്ങുന്ന അത്ലറ്റികോ മാഡ്രിഡിന് തിരിച്ചടിയായി കോവിഡ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ രണ്ട് പേരുടെ ഫലം പോസിറ്റീവ് ആവുകയായിരുന്നു. അത്ലറ്റികോ മാഡ്രിഡ്‌ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചാമ്പ്യൻസ് ലീഗിന് പുറപ്പെടും മുൻപ് ലാലിഗയുടെ പ്രോട്ടോകോൾ അനുസരിച്ചാണ് അത്ലറ്റികോ മാഡ്രിഡ്‌ കോവിഡ് പരിശോധന നടത്തിയത്. ഇതിലാണ് രണ്ടു പേർക്ക് പോസിറ്റീവ് ആയത്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ ക്ലബ്‌ പുറത്ത് വിട്ടിട്ടില്ല. ഓഗസ്റ്റ് പതിമൂന്നാം തിയ്യതിയാണ് ചാമ്പ്യൻസ് ലീഗ് മത്സരം. ഇതിന് നാല് ദിവസങ്ങൾക്ക് മുമ്പ് കോവിഡ് റിപ്പോർട്ട്‌ ചെയ്തത് ക്ലബ്ബിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ലാലിഗയുടെ പ്രോട്ടോകോൾ അനുസരിച്ച് വിദേശത്തേക്ക് മടങ്ങുന്നതിന്റെ അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് പരിശോധനക്ക് വിധേയരാവേണ്ടത്. ഈ പരിശോധനയിലാണ് അത്ലറ്റികോ മാഡ്രിഡിൽ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ടീം ലിസ്ബണിലെക്ക് പറക്കുന്നതിന്റെ ടൈം ഷെഡ്യൂളുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ രണ്ട് പേരോടും ഐസൊലേഷനിൽ പോവാൻ ക്ലബ് നിർദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ ഇവരോട് സമ്പർക്കം പുലർത്തിയ എല്ലാവരെയും ഒരിക്കൽ കൂടി പരിശോധനക്ക് വിധേയരാക്കിയേക്കും. ആ പരിശോധനയിലെ ഫലത്തെ അനുസരിച്ചായിരിക്കും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ സാധ്യതകൾ. കൂടുതൽ പേർക്ക് പിടിപെട്ടാൽ എന്ത് ചെയ്യുമെന്നുള്ള ആശങ്കയിലാണ് യുവേഫയും അത്ലറ്റികോ മാഡ്രിഡും. ആർബി ലെയ്പ്സിഗ് ആണ് ക്വാർട്ടറിൽ മാഡ്രിഡിനെ നേരിടുന്നത്. അതേസമയം സ്പെയിനിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ ആരംഭിച്ചതായി വാർത്തകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *