അടുത്ത സീസണിലും തുടരുമോ? മനസ്സ് തുറന്ന് കൂമാൻ!

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഫ്സി ബാഴ്സലോണയുടെ പരിശീലകനായി റൊണാൾഡ് കൂമാൻ സ്ഥാനമേറ്റത്. തുടക്കത്തിൽ ബാഴ്‌സ മോശം പ്രകടനമായിരുന്നുവെങ്കിലും പതിയെ ബാഴ്സ താളം വീണ്ടെടുത്തു. കൂമാന് കീഴിൽ കോപ്പ ഡെൽ റേ കിരീടം നേടിയ ബാഴ്സ ലാലിഗ കിരീടത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഇനിയുള്ള മത്സരങ്ങൾ മുഴുവനും വിജയിക്കുകയും മാഡ്രിഡ്‌ ക്ലബുകൾ പോയിന്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്താൽ ബാഴ്സക്ക് ലീഗ് കിരീടത്തിൽ മുത്തമിടാൻ സാധിക്കും. ഏതായാലും തന്റെ ഭാവിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പരിശീലകനായ റൊണാൾഡ് കൂമാൻ. തന്റെ ഭാവിയെ കുറിച്ച് തീരുമാനിക്കാനുള്ള അധികാരം ലാപോർട്ടക്കാണെന്നും ഇപ്പോൾ അതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ല എന്നുമാണ് കൂമാൻ പറഞ്ഞിട്ടുള്ളത്.പക്ഷേ താൻ രണ്ട് വർഷത്തെ കരാറിൽ ഒപ്പു വെച്ചിട്ടുണ്ടെന്നും അടുത്ത വർഷവും ഇവിടെ തുടരാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇദ്ദേഹം ഓർമ്മപ്പെടുത്തി. ഇന്നത്തെ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാഴ്സ പരിശീലകൻ.

” എന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഇപ്പോൾ പ്രസക്തിയില്ല. ഈ സീസണിലെ അവസാനമത്സരവും കഴിഞ്ഞതിന് ശേഷമേ അതിന് പ്രസക്തിയൊള്ളൂ.ആദ്യം ദിവസം മുതൽ തന്നെ പ്രസിഡന്റ്‌ എന്നിൽ വിശ്വാസമർപ്പിച്ചിട്ടുണ്ട്.ഈ സീസൺ അവസാനിച്ചതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരമുള്ള വ്യക്തി അത്‌ ലാപോർട്ട മാത്രമാണ്. ഈ സീസണിന് ശേഷം ഞങ്ങൾ അതിനെ കുറിച്ച് ചർച്ച ചെയ്യും.പക്ഷെ എനിക്ക് ആശങ്കകൾ ഒന്നുമില്ല. ഞാൻ രണ്ട് വർഷത്തേക്കാണ് കരാറിൽ ഒപ്പു വെച്ചത്. അടുത്ത വർഷവും ഞാൻ ഇവിടെ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.അങ്ങനെയല്ല എന്നുണ്ടെങ്കിൽ പ്രസിഡന്റ്‌ എന്നോട് സംസാരിക്കും. ഈ സീസണിന് ശേഷം ഞങ്ങൾ തമ്മിൽ ഒരു കൂടിക്കാഴ്ച്ച ഏർപ്പാടാക്കിയിട്ടുണ്ട്.ഇനി രണ്ട് ആഴ്ച്ചകളും മൂന്ന് നിർണായകമത്സരങ്ങളും ഞങ്ങളുടെ മുന്നിലുണ്ട്. അത്കൊണ്ട് തന്നെ ഇത്‌ എന്റെ ഭാവിയെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *