അടുത്ത മാസം തന്നെ എൽ ക്ലാസിക്കോ,സ്ഥലവും തിയ്യതിയും പുറത്ത് വിട്ട് ബാഴ്സ!
ക്ലബ്ബ് ഫുട്ബോൾ ലോകത്തെ ചിരവൈരികളുടെ പോരാട്ടമായ എൽ ക്ലാസിക്കോ മത്സരം കാണാൻ അടുത്ത സീസൺ ആരംഭിക്കണമെന്നില്ല. മറിച്ച് പ്രീ സീസൺ സൗഹൃദമത്സരത്തിൽ തന്നെ ബാഴ്സയും റയൽ മാഡ്രിഡും ഏറ്റുമുട്ടുന്നത് ഫുട്ബോൾ ലോകത്തിന് കാണാനാവും.ഈയൊരു മത്സരത്തിന്റെ വിശദാംശങ്ങൾ ഇപ്പോൾ എഫ്സി ബാഴ്സലോണയാണ് പുറത്തു വിട്ടിരിക്കുന്നത്.
ഈ വരുന്ന ജൂലൈ മാസം 23-ആം തിയ്യതിയാണ് എൽ ക്ലാസ്സിക്കോ പോരാട്ടം അരങ്ങേറുക. അമേരിക്കയിലെ ലാസ് വെഗാസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഇതിനു മുൻപ് ഒരു തവണ മാത്രമാണ് അമേരിക്കയിൽ വെച്ച് എൽ ക്ലാസിക്കോ മത്സരം നടന്നിട്ടുള്ളത്.2017 ജൂലൈ മാസത്തിലായിരുന്നു അത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് റയലിനെ പരാജയപ്പെടുത്താൻ ബാഴ്സക്ക് അന്ന് സാധിച്ചിരുന്നു.
— Murshid Ramankulam (@Mohamme71783726) June 11, 2022
നാല് സൗഹൃദ മത്സരങ്ങളാണ് ബാഴ്സ അമേരിക്കയിൽ വെച്ച് കളിക്കുക.ജൂലൈ പത്തൊമ്പതാം തീയതി നടക്കുന്ന മത്സരത്തിൽ ഇന്റർ മിയാമിയാണ് ബാഴ്സയുടെ എതിരാളികൾ.പിന്നീട് 23-ആം തിയ്യതി എൽ ക്ലാസിക്കോ മത്സരം നടക്കും.ജൂലൈ ഇരുപത്തിയാറാം തീയതി ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെതിരെയും ബാഴ്സ സൗഹൃദമത്സരം കളിക്കും. അതിനു ശേഷം മുപ്പതാം തിയ്യതി നടക്കുന്ന മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസായിരിക്കും ബാഴ്സയുടെ എതിരാളികൾ.
ജൂലൈ നാലാം തീയതിയാണ് പ്രീ സീസൺ പരിശീലനം സാവി ആരംഭിക്കുക. കുറച്ച് ദിവസത്തെ പരിശീലനങ്ങൾക്ക് ശേഷം ബാഴ്സ അമേരിക്കയിലേക്ക് പറക്കും.കഴിഞ്ഞ സീസണിൽ കിരീടങ്ങൾ ഒന്നും നേടാൻ ബാഴ്സക്ക് സാധിച്ചിരുന്നില്ല. അതിന്റെ ക്ഷീണം തീർക്കാനുറച്ചാവും അടുത്ത സീസണിലേക്ക് സാവി ബാഴ്സയെ സജ്ജമാക്കുക.