അങ്ങനെയാണെങ്കിൽ മെസ്സി ബാഴ്സയിലേക്ക് വരില്ല : സ്പാനിഷ് ജേണലിസ്റ്റ്!

സൂപ്പർ താരം ലയണൽ മെസ്സിയുടെ കരാർ ഈ സീസണോടുകൂടി അവസാനിക്കും. ഈ കരാർ പുതുക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്. എന്നാൽ താരത്തെ തിരികെ എത്തിക്കാൻ താൽപര്യമുണ്ട് എന്നുള്ളത് ബാഴ്സ വ്യക്തമാക്കിയ ഒരു കാര്യമാണ്. അതേസമയം ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയും മെസ്സിക്ക് വേണ്ടി ഒരു കൈ പരീക്ഷിച്ചു നോക്കും.

മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്താൻ ഒട്ടുമിക്ക ബാഴ്സ ആരാധകരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സ്പോർട്ടിന്റെ സ്പാനിഷ് ജേണലിസ്റ്റായ ആൽബർട്ട് മസ്നൂ ചില വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട്. ബാഴ്സ മെസ്സിക്ക് ക്ലബ്ബിൽ സെക്കൻഡറി റോൾ മാത്രമാണ് നൽകുന്നതെങ്കിൽ അദ്ദേഹം ബാഴ്സയിലേക്ക് തിരിച്ചു വരില്ല എന്നാണ് ആൽബർട്ട് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സെക്കൻഡറി റോൾ അംഗീകരിച്ചുകൊണ്ട് മെസ്സി ബാഴ്സയിലേക്ക് വരുമെന്ന് നിങ്ങൾ എന്നോട് പറയരുത്. കാരണം അതെന്നെ ചിരിപ്പിക്കും. സെക്കൻഡറി റോളിൽ കളിക്കാൻ ഒരിക്കലും ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചു വരില്ല. ഇന്ന് അർജന്റീനയുടെയും പിഎസ്ജിയുടെയും ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളുമൊക്കെ നേടിയ താരങ്ങളുടെ കൂട്ടത്തിൽ മെസ്സിയുണ്ട്.ഒരുപാട് അവസരങ്ങൾ ഒരുക്കുന്ന താരമാണ്. അത്തരത്തിലുള്ള മെസ്സി ഒരിക്കലും സെക്കൻഡറി റോളിൽ കളിക്കാൻ വേണ്ടി വരില്ല ” ഇതാണ് ആൽബർട്ട് പറഞ്ഞിട്ടുള്ളത്.

ഏതായാലും ലയണൽ മെസ്സി തന്റെ ഭാവിയെ കുറിച്ചുള്ള യാതൊരുവിധ തീരുമാനങ്ങളും ഇതുവരെ എടുത്തിട്ടില്ല. വരുന്ന ഖത്തർ വേൾഡ് കപ്പിന് ശേഷം ആയിരിക്കും ലയണൽ മെസ്സി അതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *