അങ്ങനെയാണെങ്കിൽ എനിക്ക് പോകേണ്ടിവരും: രാജിസൂചന നൽകി സാവി

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ദുർബലരായ ആന്റെർപ്പിനോട് ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. അവസാനമായി കളിച്ച ഒൻപത് മത്സരങ്ങളിൽ നാലു മത്സരങ്ങളിലും ബാഴ്സ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ അവരുടെ പരിശീലകനായ സാവിയിൽ പലർക്കും വിശ്വാസം കുറഞ്ഞിട്ടുണ്ട്. പുതിയ പരിശീലകനെ തേടണമെന്ന ആവിശ്യം ഉയർന്ന് കേൾക്കുന്നുമുണ്ട്.

ഏതായാലും ഈ റൂമറുകളോട് ബാഴ്സ പരിശീലകൻ പ്രതികരിച്ചിട്ടുണ്ട്. ഒരർത്ഥത്തിൽ ഒരു രാജിസൂചനയാണ് അദ്ദേഹം നൽകിയിട്ടുള്ളത്. അതായത് ഈ സീസണിൽ ബാഴ്സക്ക് ഒന്നും നേടാനായിട്ടില്ലെങ്കിൽ തനിക്ക് ക്ലബ്ബ് വിടേണ്ടിവന്നേക്കും എന്നാണ് സാവി പറഞ്ഞിട്ടുള്ളത്.ലാലിഗ മത്സരത്തിനു മുന്നോടിയായി ഉള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“നിലവിൽ ഞാൻ സന്തോഷവാനാണ്,ശാന്തനാണ്.മുൻപെങ്ങും ഇല്ലാത്തവിധം ഈ പ്രോജക്ടിൽ ഞാൻ വിശ്വസിക്കുന്നു.തീർച്ചയായും എല്ലാവരുടെയും പിന്തുണ എനിക്കുണ്ട്.പക്ഷേ ഈ സീസണിന്റെ അവസാനത്തിൽ ഒന്നും നേടാതെ ക്ലബ്ബ് സീസൺ അവസാനിപ്പിച്ചാൽ,ഒരുപക്ഷേ എനിക്ക് ഇവിടം വിടേണ്ടി വന്നേക്കാം.പക്ഷേ ഇതിപ്പോൾ ഡിസംബർ മാത്രമാണ് ആയിട്ടുള്ളത്. ഞങ്ങൾക്ക് നാല് കിരീടങ്ങളും നേടാനുള്ള സാധ്യതകൾ ഇവിടെയുണ്ട് ” ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇന്ന് ലീഗിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.വിയ്യാറയലാണ് ബാഴ്സയുടെ എതിരാളികൾ. എതിരാളികളുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ബാഴ്സ ഈ മത്സരം കളിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക.നിലവിൽ ലീഗിൽ നാലാം സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *