അഗ്വേറൊയോ ഡീപേയോ? കൂമാന്റെ താല്പര്യം ഇങ്ങനെ!

ബാഴ്സയുടെ പുതിയ പ്രസിഡന്റ്‌ ആയി ജോയൻ ലാപോർട്ട എത്തിയതോടെ അടുത്ത സീസണിൽ കാതലായ മാറ്റങ്ങൾ ബാഴ്സയിൽ ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പുതിയ താരങ്ങളെ സൈൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലപോർട്ട കൂമാനുമായും റാമോൻ പ്ലാനസുമായും ചർച്ചകൾ നടത്തിയെക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏതായാലും സ്‌ട്രൈക്കർ സ്ഥാനത്തേക്ക് രണ്ട് പേരാണ് നിലവിൽ ബാഴ്സയുടെ പരിഗണനയിലുള്ളത്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം സെർജിയോ അഗ്വേറൊയും ലിയോണിന്റെ മെംഫിസ് ഡീപേയുമാണ്. ഇരുതാരങ്ങളും ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റുമാരാവും. എന്നാൽ ഇതിൽ ആരെ സൈൻ ചെയ്യണമെന്ന സംശയം ബാഴ്സയിൽ നിലനിൽക്കുന്നുണ്ട്. ലപോർട്ടക്ക് അഗ്വേറൊയിലാണ് താല്പര്യമെങ്കിൽ കൂമാന് ഡീപേയിലാണ് താല്പര്യം.

ഇതിന് ചില കാരണങ്ങളുമുണ്ട്. അഗ്വേറൊയേക്കാൾ പ്രായം കുറവാണ് ഡീപേ. 27-കാരനായ ഡീപേ തന്റെ കരിയറിന്റെ പീക്ക് പൊസിഷനിലാണ് എന്ന് പറയേണ്ടിയിരിക്കുന്നു. എന്നാൽ അഗ്വേറൊ അങ്ങനെയല്ല. ഇനി സമീപകാലത്തെ പ്രകടനം പരിശോധിച്ചാലും ഡീപേക്ക് ഒരല്പം മുൻതൂക്കമുണ്ട്.ഈ സീസണിൽ കേവലം മൂന്ന് മത്സരങ്ങളിൽ മാത്രമാണ് അഗ്വേറൊ സ്റ്റാർട്ട്‌ ചെയ്തത്. ഒരു ഗോൾ പോലും താരം നേടിയിട്ടില്ല. പരിക്കാണ് താരത്തെ അലട്ടുന്നത്. അതേസമയം ഡീപേ 13 ഗോളുകൾ ഈ സീസണിൽ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇനി സാലറിയുടെ കാര്യത്തിലേക്ക് വന്നാലും ഡീപേയെയാണ് ബാഴ്സക്ക് ലാഭകരമാവുക. എന്തെന്നാൽ അഗ്വേറൊയേക്കാൾ സാലറി കുറവാണ് ഡീപേക്ക്.മാത്രമല്ല ഡീപേയാവട്ടെ ബാഴ്‌സയുടെ വിളിക്ക് വേണ്ടി കാത്തിരിക്കുകയാണ്. മറ്റുള്ള ക്ലബുകളുടെയെല്ലാം ഓഫറുകൾ അദ്ദേഹം നിരസിച്ചിട്ടുണ്ട്. ഇതുകൊണ്ടൊക്കെയാണ് ഡീപേക്ക് കൂമാൻ മുൻഗണന നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *