അഗ്രഷനില്ല,സ്പിരിറ്റില്ല,ഫോക്കസില്ല: സ്വന്തം താരങ്ങൾക്കെതിരെ തിരിഞ്ഞ് സാവി

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ബാഴ്സലോണക്ക് സാധിച്ചിരുന്നു.രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് അവസാന സ്ഥാനക്കാരായ അൽമേരിയയെ ബാഴ്സ പരാജയപ്പെടുത്തുകയായിരുന്നു.സെർജി റോബെർട്ടോ ഇരട്ട ഗോളുകൾ നേടിയപ്പോൾ ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. എന്നാൽ ലീഗിലെ ഏറ്റവും ദുർബലർക്കെതിരെ 2 ഗോളുകൾ വഴങ്ങിക്കൊണ്ട് കഷ്ടിച്ച് വിജയിച്ചത് വലിയ വിമർശനങ്ങളാണ് ബാഴ്സക്ക് ഇപ്പോൾ നേടിക്കൊടുക്കുന്നത്.

ബാഴ്സയുടെ പരിശീലകനായ സാവി മത്സരശേഷം സ്വന്തം താരങ്ങളെ തന്നെ വിമർശിച്ചിട്ടുണ്ട്. ടീമിനകത്ത് പല കാര്യങ്ങളുടെയും അഭാവമുണ്ട് എന്നാണ് പരിശീലകൻ ആരോപിച്ചിട്ടുള്ളത്. മത്സരത്തിൽ അഗ്രഷൻ ഇല്ലാത്തത് സാവിയെ ചൊടിപ്പിച്ചിട്ടുണ്ട്.മത്സരശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” മത്സരത്തിന്റെ ആദ്യ പകുതി ഒട്ടും അംഗീകരിക്കാനാവാത്തതാണ്. സമ്മർദ്ദവും അഗ്രസീവ്നസും ഒട്ടും ആക്സെപ്റ്റ് ചെയ്യാൻ സാധിക്കുന്നില്ല.ഞങ്ങൾ വെറുതെ കിടന്ന് ഓടുകയാണ് ചെയ്യുന്നത്.കഴിഞ്ഞ സീസണിൽ അഗ്രസീവായിരുന്നു ഞങ്ങൾ. എന്നാൽ ഈ സീസണിൽ അതുപോലുമില്ല. ഫുട്ബോളിൽ ആത്മാർത്ഥതയോടു കൂടി കളിക്കേണ്ടതുണ്ട്.വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ഞങ്ങൾ ഈ മത്സരത്തിൽ ഒരുക്കിയത്. മൃഗങ്ങളെപ്പോലെ ഞങ്ങൾ മാറേണ്ടതുണ്ട്.അത്രയധികം ഹാർഡ് വർക്ക് ചെയ്യണം.സ്പിരിറ്റും ഫോക്കസും ഉണ്ടാക്കിയെടുക്കണം.എനിക്ക് ദേഷ്യം ഒന്നുമില്ല.പക്ഷേ എന്റെ ടീമിന്റെ ആത്മാവ് നഷ്ടമായിട്ടുണ്ട്. അതിനെ കുറിച്ചാണ് ഞാൻ പരാതി പറയുന്നത്. എന്റെ താരങ്ങളെ എനിക്ക് സംരക്ഷിക്കേണ്ടതുണ്ടെങ്കിൽ എനിക്ക് അവരിൽ നിന്നും കൂടുതൽ ആവശ്യമുണ്ട് “ഇതാണ് ബാഴ്സലോണയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മത്സരത്തിൽ ബാഴ്സലോണ തന്നെയാണ് ആധിപത്യം പുലർത്തിയത് എങ്കിലും അവരെ ഞെട്ടിക്കാൻ അൽമേരിയക്ക് സാധിച്ചിരുന്നു.ഈ വിജയത്തിൽ ആരാധകർ ഒട്ടും സംതൃപ്തരല്ല. ഇനി ക്ലബ്ബ് അമേരിക്കക്കെതിരെ ഒരു സൗഹൃദ മത്സരമാണ് ബാഴ്സലോണ കളിക്കുക.നിലവിൽ ലാലിഗയിൽ മൂന്നാം സ്ഥാനത്താണ് എഫ് സി ബാഴ്സലോണ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *