സെറ്റിയനെതിരെ പരിഹാസവുമായി ഗ്രീസ്‌മാന്റെ പിതാവും സഹോദരനും

ബാഴ്സ പരിശീലകൻ കീക്കെ സെറ്റിയനും ബാഴ്‌സ സൂപ്പർ താരം ഗ്രീസ്‌മാനും തമ്മിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അത്ര നല്ല ബന്ധത്തിലല്ല എന്നുള്ളത് പരസ്യമായ കാര്യമാണ്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ആദ്യ ഇലവനിൽ സ്ഥാനം നേടാൻ ഗ്രീസ്‌മാന്‌ കഴിഞ്ഞിരുന്നില്ല. തന്റെ മുൻ ടീമായ അത്ലറ്റികോ മാഡ്രിഡിനെതിരെ എൺപത്തിയൊമ്പതാം മിനുട്ടിലാണ് താരത്തിന് കളത്തിലിറങ്ങാൻ സാധിച്ചത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും ഗ്രീസ്‌മാന് ബെഞ്ചിലായിരുന്നു സ്ഥാനം. ഇക്കാര്യത്തിൽ ഗ്രീസ്‌മാൻ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഗ്രീസ്‌മാന്റെ അവസ്ഥയിൽ വിഷമമുണ്ടെന്ന് അത്ലറ്റികോ മാഡ്രിഡ്‌ പരിശീലകൻ സിമിയോണി പ്രസ്താവിച്ചതിന് പിന്നാലെ താൻ ഗ്രീസ്‌മാനുമായി സംസാരിക്കുമെന്നും എന്നാൽ മാപ്പൊന്നും പറയാൻ പോവുന്നില്ലെന്നും സെറ്റിയൻ പറഞ്ഞിരുന്നു. ഇതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. സെറ്റിയനെ പരിഹസിച്ചു കൊണ്ടും വിമർശിച്ചു കൊണ്ടും ഗ്രീസ്‌മാന്റെ കുടുംബം രംഗത്ത് വന്നിരിക്കുകയാണിപ്പോൾ. താരത്തിന്റെ പിതാവും സഹോദരനുമാണ് സോഷ്യൽ മീഡിയ വഴി സെറ്റിയനെതിരെ പരിഹാസങ്ങൾ പ്രകടിപ്പിച്ചത്.

ഇൻസ്റ്റാഗ്രാമിലാണ് ഗ്രീസ്‌മാന്റെ പിതാവായ അലൈൻ സെറ്റിയാനെ പരസ്യമായി വിമർശിച്ചത്. ” നിങ്ങൾ സംസാരിക്കാൻ പോവുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ട്രക്കിന്റെ കീ കയ്യിൽ കരുതുക. എന്തെന്നാൽ താങ്കൾ സാധാരണകാരനായ യാത്രക്കാരനാണ് ” ഇതായിരുന്നു അദ്ദേഹത്തിന്റെ പിതാവ് കുറിച്ചത്. എന്തെന്നാൽ താങ്കൾ ബാഴ്സയിലെ കേവലം ഒരു വഴിപോക്കൻ മാത്രമാണെന്നും നിങ്ങൾക്ക് അധികം പ്രാധാന്യമില്ല എന്ന രൂപേണയുമാണ് ഗ്രീസ്‌മാന്റെ പിതാവ് ഇങ്ങനെ കുറിച്ചത്. അതേ സമയം ഗ്രീസ്‌മാന്റെ സഹോദരനും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരനായ തിയോ ട്വിറ്റെറിലാണ് സെറ്റിയനെ പരിഹസിച്ചത്. മത്സരത്തിന്റെ അവസാനനിമിഷം താരത്തെ കളത്തിലിറക്കിയതിനെ സംബന്ധിച്ചായിരുന്നു അത്. ” രണ്ട് മിനുട്ട്… കാര്യമായിട്ടും എനിക്കിപ്പോൾ കരയണം ” എന്നാണ് സഹോദരൻ ട്വിറ്റെറിൽ കുറിച്ചത്. മുൻപ് ആർതറിന്റെ അമ്മയും സെറ്റിയനെതിരെയും ബാഴ്സക്കെതിരെയും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *