സസ്‌പെൻഷൻ: വെറുതയിരിക്കാതെ ബാഴ്സ ബിക്ക് വേണ്ടി കളത്തിലിറങ്ങി അൻസു ഫാറ്റി

കഴിഞ്ഞ എസ്പാനോളിനെതിരായ മത്സരത്തിലായിരുന്നു അൻസു ഫാറ്റിക്ക് ഒരു നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. മത്സരത്തിന്റെ നാല്പത്തിയാറാം മിനുട്ടിൽ കളത്തിലേക്കിറങ്ങിയ താരത്തിന് അൻപതാം മിനിറ്റിൽ തന്നെ റെഡ് കാർഡ് കണ്ടു പുറത്തുപോവേണ്ടി വന്നിരുന്നു. എതിർതാരത്തെ ഗുരുതരമായി ഫൗൾ ചെയ്തു എന്ന കാരണത്താലായിരുന്നു താരത്തിന് റെഡ് കാർഡ് കിട്ടിയത്. തുടർന്ന് ഒരു മത്സരത്തിന് താരത്തിന് സസ്‌പെൻഷനും കിട്ടി. ഇന്ന് നടക്കുന്ന ബാഴ്സലോണ vs വല്ലഡോലിഡ് മത്സരം താരത്തിന് നഷ്ടമായേക്കും. എന്നാൽ സസ്‌പെൻഷൻ ലഭിച്ചത് മൂലം വെറുതെയിരിക്കാൻ ഫാറ്റി തയ്യാറായില്ല. താരം ഇന്ന് ബാഴ്സലോണ ബിക്ക് ഒപ്പം ചേരുകയും അവരോടൊപ്പം മത്സരം കളിക്കുകയും ചെയ്തു.

ക്ലബിന്റെ പരിശീലനഗ്രൗണ്ടിൽ വെച്ച് നടന്ന സൗഹൃദമത്സരത്തിൽ യൂറോപ്പക്കെതിരെയാണ് താരം ബൂട്ടണിഞ്ഞത്. മുൻപ് ബാഴ്സലോണ ഫസ്റ്റ് ടീമിലേക്കു വിളി വന്ന കുറച്ചു താരങ്ങളും ടീമിലുണ്ടായിരുന്നു. ഇനകി പെന, മോറർ, ജോർജെ കുഎൻക, മോഞ്ചു, കൊള്ളാടൊ എന്നിവരെല്ലാം തന്നെ ടീമിൽ ഉണ്ടായിരുന്നു. അതേസമയം താരത്തിന്റെ അഭാവത്തിൽ പതിനെട്ടുപേരുമായാണ് സെറ്റിയൻ വല്ലഡോലിഡിൽ എത്തിയിട്ടുള്ളത്. നിലവിൽ നാല് പോയിന്റിന് റയലിനോട് പിന്നിലായ ബാഴ്സക്ക് പ്രതീക്ഷ ബാക്കി വെക്കണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *