മിലാന് പിന്നാലെ മറ്റൊരു ഇറ്റാലിയൻ വമ്പൻമാരും ജോവിച്ചിനായി രംഗത്ത്

റയൽ മാഡ്രിഡ്‌ സ്ട്രൈക്കെർ ലൂക്ക ജോവിച്ചിന് വേണ്ടി എസി മിലാൻ ശ്രമിക്കുന്നു എന്നുള്ളത് കുറച്ചു ദിവസങ്ങളായി ഫുട്ബോൾ ലോകത്ത് പരക്കുന്ന വാർത്തകളിൽ ഒന്നാണ്. ഇപ്പോഴിതാ താരത്തിന് വേണ്ടി ഇറ്റാലിയൻ വമ്പൻമാരായ നാപോളിയുടെ റയലിനെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമങ്ങളായ എഎസ്സ്, മുണ്ടോ ഡീപോർട്ടീവോ എന്നിവരാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. കഴിഞ്ഞ സീസണിൽ ഫ്രാങ്ക്ഫർട്ടിൽ നിന്ന് അറുപത് മില്യൺ യുറോക്ക് ടീമിൽ എത്തിയ താരമാണ് ജോവിച്ച്. എന്നാൽ 25 മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരത്തിന് നേടാനായത്. ഇതോടെ താരത്തെ വിൽക്കുമെന്നും അതല്ലെങ്കിൽ ലോണിൽ വിടുമെന്നുള്ള വാർത്തകളെ തുടർന്നായിരുന്നു എസി മിലാൻ താരത്തിനായി ഏജന്റിനെ സമീപിച്ചത്. ഇപ്പോൾ നാപോളിയും ജോവിച്ചിനായി രംഗത്ത് വന്നിരിക്കുകയാണ്.

താരത്തിന് വേണ്ടി ഏറ്റവും ശക്തമായ രീതിയിൽ രംഗത്തുള്ളത് എസി മിലാൻ തന്നെയാണ്. മുൻ ഫ്രാങ്ക്ഫർട്ട് താരവും ജോവിച്ചിന്റെ സഹതാരവുമായിരുന്ന ആന്റെ റെബിച്ച് നിലവിൽ എസി മിലാനിൽ ആണ്. ഇതിനാൽ തന്നെ താരത്തെ ക്ലബിൽ എത്തിച്ചാൽ ഇരുവർക്കും മികച്ച രീതിയിൽ കളിക്കാമെന്ന കണക്കുകൂട്ടലിലാണ് മിലാൻ. ഏകദേശം അൻപത് മില്യൺ യുറോയാണ് മിലാൻ പ്രതീക്ഷിക്കുന്നത്. അതല്ലെങ്കിൽ ലോണിൽ എത്തിക്കാനും മിലാൻ ശ്രമിച്ചേക്കും. എന്നാൽ പിന്നീട് നാപോളി അധികൃതർ താരത്തിന്റെ ഏജന്റ് ആയ ഫാലി റമദാനിയുമായി സംസാരിക്കുകയായിരുന്നു. നാപോളി താരങ്ങളായ കൗലിബലി, മാക്സിമോവിച് എന്നിവരെ മുൻപ് പ്രതിനിധീകരിച്ചിരുന്നത് റമദാനിയായിരുന്നു. ഇതിനാൽ തന്നെ താരം നാപോളിയിലേക്ക് ചേക്കേറാനും സാധ്യതകൾ കാണുന്നുണ്ട്. മുൻപ് ലെയ്സെസ്റ്റർ സിറ്റി, ചെൽസി എന്നിവരെ ബന്ധപ്പെടുത്തിയും വാർത്തകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *