ബാഴ്‌സയുടെ എക്കാലത്തെയും മികച്ച പ്രസിഡന്റായി ബർതോമ്യു ഓർമ്മിക്കപ്പെടും, അത്‌ലെറ്റിക്കോ പ്രസിഡന്റ്‌ പറയുന്നു !

ബാഴ്സ ആരാധകർക്ക് ഒരിക്കലും യോജിക്കാനാവാത്ത ഒരു പ്രസ്താവനയുമായാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ പ്രസിഡന്റ്‌ എൻറിക്വ സെറെസോ രംഗത്ത് വന്നിരിക്കുന്നത്. ബാഴ്‌സയുടെ നിലവിലെ പ്രസിഡന്റ്‌ ബർതോമ്യുവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇദ്ദേഹം. ബാഴ്സയുടെ എക്കാലത്തെയും മികച്ച പ്രസിഡന്റുമാരിൽ ഒരാളാണ് ബർതോമ്യു എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം മനസ്സ് തുറന്നത്. നിലവിൽ തന്റെ സ്ഥാനം കോട്ടം തട്ടിയിരിക്കുന്ന അവസ്ഥയിലാണ് ബർതോമ്യു നിലവിലുള്ളത്. അദ്ദേഹത്തിനെതിരെ അവിശ്വാസപ്രമേയത്തിന് ഒപ്പുകൾ ശേഖരിച്ചിരുന്നു. മാത്രമല്ല അഴിമതി ആരോപണവും ബർതോമ്യുവിനെതിരെ ഉയർന്നിരുന്നു. ബാഴ്‌സയുടെ തോൽവിയും മെസ്സിയുടെ ട്രാൻസ്ഫർ വിവാദങ്ങളുമായി ബന്ധപ്പെട്ട് ഏറെ പ്രശ്നങ്ങളിൽ അകപ്പെട്ടു കിടക്കുകയാണ് ബർതോമ്യു. ഈയൊരു അവസരത്തിലാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ പ്രസിഡന്റ്‌ ബർതോമ്യുവിനെ ഏറ്റവും മികച്ച പ്രസിഡന്റ്‌ ആയി വാഴ്ത്തിയത്.

” ബർതോമ്യു മഹത്തായ ഒരു പ്രസിഡന്റ്‌ ആണ്. ഭാവിയിൽ ബാഴ്സയുടെ എക്കാലത്തെയും മികച്ച പ്രസിഡന്റുമാരിൽ ഒരാളായി അദ്ദേഹം വാഴ്ത്തപ്പെടും. ബാഴ്സയിൽ ഒരുപാട് മികച്ച പ്രസിഡന്റുമാരുണ്ട്. പക്ഷെ ബർതോമ്യുവാണ് അവരിൽ ഏറ്റവും മികച്ചവൻ. വളരെയധികം നന്മ നിറഞ്ഞ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കൂടാതെ വളരെയധികം മികച്ച ഒരു വ്യക്തിയുമാണ് അദ്ദേഹം ” അത്‌ലെറ്റിക്കോ മാഡ്രിഡ്‌ പ്രസിഡന്റ്‌ പറഞ്ഞു. 2014-ൽ ബാഴ്‌സയുടെ പ്രസിഡന്റ്‌ ആയിരുന്ന സാൻഡ്രോ റോസ്സൽ രാജിവെച്ചതിനെ തുടർന്നാണ് ഇദ്ദേഹം പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്തത്. തുടക്കത്തിൽ ക്ലബ്ബിനെ കിരീടനേട്ടങ്ങളിലേക്ക് നയിക്കാനായെങ്കിലും പിന്നീട് വ്യാപകമായ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *