അടുത്ത സീസണിലും ബാഴ്സയുടെ പരിശീലകനാകാൻ കഴിയുമെന്ന് സെറ്റിയൻ

വരുന്ന സീസണിലും ബാഴ്സയുടെ പരിശീലകനാവാൻ തനിക്ക് കഴിയുമെന്ന് കീക്കെ സെറ്റിയൻ. കഴിഞ്ഞ ദിവസം നടന്ന പ്രീ മാച്ച് പത്രസമ്മേളനത്തിലാണ് സെറ്റിയൻ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. തീർച്ചയായും അടുത്ത സീസണിൽ തനിക്ക് പരിശീലകനായി തുടരാൻ കഴിയുമെന്നാണ് താൻ കരുതുന്നതെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. കറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. തന്റെ ഉത്തരവാദിത്യങ്ങളെ കുറിച്ച് താൻ ബോധവാനാണെന്നും എന്നാൽ എല്ലാവരും പരിശീലകനെ മാത്രം പഴിചാരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എല്ലാവരെ പോലെയും ഞാൻ ടീമിന്റെ ഭാഗമാണെന്നും എന്നാൽ പലരും എല്ലാ കുറ്റങ്ങളും പരിശീലകന് മേൽ കെട്ടിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഒസാസുനക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

” തീർച്ചയായും അടുത്ത സീസണിൽ എനിക്ക് പരിശീലകനവാൻ കഴിയുമെന്നാണ് ഞാൻ കാണുന്നത്. ഇപ്പോൾ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് നിങ്ങൾ കാണുന്നതാണ്. അത് സത്യവുമാണ്. പക്ഷെ യാഥാർഥ്യം എന്തെന്നാൽ, നിങ്ങൾ ആഗ്രഹിക്കുന്നിടത്തേക്ക് ചിലപ്പോൾ എത്താൻ സാധിച്ചെന്ന് വരില്ല. ചിലപ്പോൾ അതിന് സാധിക്കുകയും ചെയ്യാം. പക്ഷെ അതിന് പിന്നിൽ കണക്കുക്കൂട്ടലുകളും പ്രവർത്തനങ്ങളുമുണ്ട്. ഫലം എന്തോ ആയിക്കോട്ടെ, ചെയ്യുന്ന കാര്യങ്ങൾ നല്ലതാണോ മോശമാണോ എന്ന് വിലയിരുത്തേണ്ടതുണ്ട്. കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.ഇതിന് വേണ്ടി അടുത്ത സീസണിലും പരിശീലകനാവാൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്. തീർച്ചയായും എന്റെ ഉത്തരവാദിത്യങ്ങളെ ഞാൻ അംഗീകരിക്കുന്നു. പക്ഷെ നിങ്ങൾക്ക് ആരെയെങ്കിലും കുറ്റപ്പെടുത്തണമെന്ന് തോന്നിയാൽ നിങ്ങൾ ആദ്യം നോക്കുക പരിശീലകനിലേക്ക് ആയിരിക്കും. ഞാൻ അതിന്റെ ഒരു ഭാഗം മാത്രമാണ് എന്ന് നിങ്ങൾ ഓർക്കണം. പലരും എന്നെ മാത്രമാണ് പഴിചാരാൻ ശ്രമിക്കുന്നത് ” സെറ്റിയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *