പോളണ്ടിനെ തകർത്ത് ഓറഞ്ച്പട, അസൂറിപ്പടക്ക് സമനില കുരുക്ക് !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നെതർലാന്റിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് നെതർലാന്റ് പോളണ്ടിനെ തകർത്തു വിട്ടത്. മത്സരത്തിന്റെ അറുപത്തിയൊന്നാം മിനുട്ടിൽ ഗോൾ കണ്ടെത്തിയ സ്റ്റീവൻ ബെർഗനാണ് നെതർലാന്റിന്റെ വിജയശില്പി. സൂപ്പർ താരങ്ങൾ അടങ്ങിയ താരനിരയായിട്ടും കൂടുതൽ ഗോളുകൾ നേടാൻ കഴിയാത്തത് നെതർലാന്റിന് തിരിച്ചടിയായി. മത്സരത്തിലുടനീളം നെതർലാന്റിന്റെ ആധിപത്യം തന്നെയാണ് കാണാനായത്. സൂപ്പർ താരങ്ങളായ ഡിജോംഗ്, വാൻ ഡൈക്ക് എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. മറുഭാഗത്ത് സൂപ്പർ സ്ട്രൈക്കെർ റോബർട്ട്‌ ലെവന്റോസ്ക്കിയുടെ അഭാവം പോളണ്ടിൽ നിഴലിച്ചു കണ്ടിരുന്നു. ജയത്തോടെ മൂന്ന് പോയിന്റ് നേടി ഗ്രൂപ്പിൽ വണ്ണിൽ ഒന്നാം സ്ഥാനത്ത് എത്താൻ ഓറഞ്ചുപടക്ക് കഴിഞ്ഞിട്ടുണ്ട്.

അതേ സമയം ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ഇറ്റലിക്ക് സമനില വഴങ്ങേണ്ടി വന്നു. ബോസ്നിയ ഹെർസഗോവിനയാണ് അസൂറിപ്പടയെ സമനിലയിൽ പൂട്ടിയത്. മത്സരത്തിന്റെ അൻപത്തിയേഴാം മിനുട്ടിൽ സൂപ്പർ താരം എഡിൻ സെക്കോയാണ് ബോസ്നിയയുടെ ഗോൾ നേടിയത്. എന്നാൽ പത്ത് മിനുട്ടുകൾക്കകം ഇറ്റലി ഇതിന് മറുപടിയും നൽകി. ലോറെൻസോ ഇൻസീനിയുടെ പാസിൽ സ്‌റ്റെഫാനോ സെൻസിയായിരുന്നു ഗോൾ നേടിയത്. സൂപ്പർ താരമായ സിറോ ഇമ്മൊബിലെ പകരക്കാരന്റെ വേഷത്തിലായിരുന്ന കളത്തിലേക്കിറങ്ങിയത്. സമനിലയോടെ ഒരു പോയിന്റ് നേടികൊണ്ട് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഇറ്റലി. മത്സരത്തിൽ ആധിപത്യം പുലർത്താൻ അസൂറിപ്പടക്ക് കഴിഞ്ഞുവെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ കഴിയാത്തത് ആണ് വിനയായത്.

Leave a Reply

Your email address will not be published. Required fields are marked *