വേദന അസഹനീയം, വിരമിക്കാൻ ആലോചിച്ച് സുവാരസ്‌,ആന്റി-ഇന്റർ മിയാമി പ്ലാനുമായി ഗ്രിമിയോ.

കഴിഞ്ഞ വർഷം അവസാനത്തിലായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസ് ബ്രസീലിയൻ ക്ലബായ ഗ്രിമിയോയിൽ എത്തിയത്.ക്ലബ്ബിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ആകെ 26 മത്സരങ്ങൾ ക്ലബ്ബിനുവേണ്ടി കളിച്ച അദ്ദേഹം 14 ഗോളുകളും 8 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ രണ്ട് കിരീടങ്ങളും ഈ ബ്രസീലിയൻ ക്ലബ്ബിനൊപ്പം നേടാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

എന്നാൽ സുവാരസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് ബ്രസീലിയൻ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. അതായത് സുവാരസ് പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കാൻ ആലോചിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വലത് കാൽമുട്ടിന് കഴിഞ്ഞ കുറെ വർഷങ്ങളായി പ്രശ്നങ്ങളുണ്ട്. അതിന്റെ വേദന അസഹനീയമാണെന്നും അതുകൊണ്ടുതന്നെ ഫുട്ബോൾ അവസാനിപ്പിക്കാനാണ് ഇപ്പോൾ സുവാരസ് ആലോചിക്കുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2024 വരെ അദ്ദേഹത്തിന് ഗ്രിമിയോയുമായി കോൺട്രാക്ടുണ്ട്. പക്ഷേ അത് ടെർമിനേറ്റ് ചെയ്തുകൊണ്ട് വിരമിക്കാനാണ് സുവാരസ് ഇപ്പോൾ ആഗ്രഹിക്കുന്നത്. ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ് ആയ ഇന്റർ മിയാമിക്ക് സുവാരസിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. ഈ സാഹചര്യത്തെക്കുറിച്ച് താരത്തിന്റെ ക്ലബ്ബായ ഗ്രിമിയോ ജാഗരൂഗരാണ്.

അതായത് സുവാരസ് ഇവിടുത്തെ കരാർ റദ്ദാക്കിക്കൊണ്ട് ഒരുപക്ഷേ ഇന്റർ മിയാമിയിലേക്ക് പോയേക്കാം. അതുകൊണ്ടുതന്നെ ആന്റി- ഇന്റർ മിയാമി പ്ലാൻ ഇപ്പോൾ ഗ്രിമിയോക്കുണ്ട്. കരാർ റദ്ദാക്കിക്കൊണ്ട് സുവാരസിനെ പോവാൻ ഗ്രിമിയോ അനുവദിക്കും.പക്ഷേ ഒരു ക്ലോസ് അവർ വെക്കും. അതായത് സുവാരസ് പിന്നീട് ഇന്ററിലേക്കോ ഏതെങ്കിലും ക്ലബ്ബിലേക്കോ പോയാൽ ഒരു നിശ്ചിത തുക ഗ്രിമിയോക്ക് ലഭിക്കും.അത്തരത്തിലുള്ള ഒരു ക്ലോസാണ് ഈ ബ്രസീലിയൻ ക്ലബ്ബ് വയ്ക്കുക.

ഏതായാലും സുവാരസ് ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. മിയാമിയിലേക്ക് പോവാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ഗ്രിമിയോയുമായുള്ള കോൺട്രാക്ട് പൂർത്തിയാക്കുമെന്നും ദിവസങ്ങൾക്ക് മുന്നേ സുവാരസ് പറഞ്ഞിരുന്നു.ഇതിനിടയിലാണ് വിരമിക്കൽ അഭ്യൂഹങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *