7-1 ന്റെ തോൽവിക്ക് ശേഷമുള്ള നൂറാം മത്സരം,ബ്രസീൽ ഇന്നെവിടെ എത്തി നിൽക്കുന്നു?

2014 ൽ സ്വന്തം നാട്ടിൽ നടന്ന വേൾഡ് കപ്പ് ഓരോ ബ്രസീൽ ആരാധകനെ സംബന്ധിച്ചെടുത്തോളവും മറക്കാനാഗ്രഹിക്കുന്ന ഒരു ഓർമയാണ്. സ്വന്തം കാണികൾക്ക് മുന്നിൽ സെമി ഫൈനലിൽ ജർമനിയോട് ഒന്നിനെതിരെ 7 ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെട്ടത്.ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിലെ നാണക്കേടിന്റെ അദ്ധ്യായമായിരുന്നു അത്.

ഏതായാലും ഇന്ന് നടക്കുന്ന സൗഹൃദമത്സരത്തിൽ ബ്രസീൽ കളിക്കളത്തിലേക്കിറങ്ങുന്നുണ്ട്. സൗത്ത് കൊറിയയാണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 4:30-നാണ് ഈയൊരു മത്സരം നടക്കുക. ഈ മത്സരത്തിന്റെ സവിശേഷത എന്തെന്നാൽ 7-1 ന്റെ തോൽവി ഏറ്റുവാങ്ങിയ മത്സരത്തിനുശേഷം ബ്രസീൽ കളിക്കുന്ന നൂറാം മത്സരമാണ് ഇത്.അത്കൊണ്ട് തന്നെ തോൽവിക്ക് ശേഷം ബ്രസീൽ എവിടെ എത്തിനിൽക്കുന്നു എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.

7-1 ന് ശേഷം ഇതുവരെ ബ്രസീൽ 99 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളിൽ പ്രതിരോധനിര കൂടുതൽ ശക്തിപ്പെട്ടതായി നമുക്ക് കാണാൻ സാധിക്കും. അതായത് 63 ശതമാനം മത്സരങ്ങളിലും പിന്നീട് ബ്രസീൽ ഒരൊറ്റ ഗോൾ പോലും വഴങ്ങിയിട്ടില്ല. ആറ് മത്സരങ്ങളിൽ മാത്രമാണ് രണ്ട് ഗോളുകൾ വഴങ്ങിയിട്ടുള്ളത്. 30 മത്സരങ്ങളിൽ ഒരു ഗോൾ വീതവും ബ്രസീൽ വഴങ്ങിയിട്ടുണ്ട്. ശരാശരി എടുത്തു നോക്കുകയാണെങ്കിൽ ഓരോ മത്സരത്തിലും 0.45 എന്ന് രൂപേണയാണ് ബ്രസീൽ ഗോളുകൾ വഴങ്ങിയിട്ടുള്ളത്.

ഈ 99 മൽസരങ്ങളിൽ 71 മത്സരങ്ങളിലും ബ്രസീൽ വിജയിച്ചിട്ടുണ്ട്.19 സമനിലകൾ വഴങ്ങിയപ്പോൾ കേവലം 9 തോൽവികൾ മാത്രമാണ് ബ്രസീൽ വഴങ്ങിയിട്ടുള്ളത്. ഈ 99 മത്സരങ്ങളിൽനിന്ന് ആകെ 203 ഗോളുകളാണ് ബ്രസീൽ നേടിയിട്ടുള്ളത്. ശരാശരി ഓരോ മത്സരത്തിലും രണ്ടുഗോളുകൾക്ക് മുകളിൽ ബ്രസീൽ നേടുന്നു. അതായത് ബ്രസീലിന്റെ മുന്നേറ്റനിരയും ശക്തിപ്പെട്ടിട്ടുണ്ട്.

ഇനി കാലയളവിൽ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങൾ മാർക്കിഞ്ഞോസും ഫിലിപ്പേ കൂട്ടിഞ്ഞോയുമാണ്. ഇരുവരും 66 മത്സരങ്ങൾ വീതം കളിച്ചു. അതേസമയം സൂപ്പർതാരമായ നെയ്മർ ജൂനിയർ തൊട്ടു പിറകിലുണ്ട്.63 മത്സരങ്ങളാണ് നെയ്മർ കളിച്ചിട്ടുള്ളത്.

എന്നാൽ തോൽവിക്ക് ശേഷം ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം നെയ്മറാണ്.36 ഗോളുകളാണ് നെയ്മർ നേടിയിട്ടുള്ളത്.20 ഗോളുകൾ നേടിയ കൂട്ടിഞ്ഞോയാണ് പിറകിലുള്ളത്.

ഇതൊക്കെയാണ് പ്രധാനപ്പെട്ട കണക്കുകൾ. കൂടാതെ 2019-ലെ കോപ്പ അമേരിക്ക കിരീടം നേടാൻ ബ്രസീലിന് സാധിച്ചിരുന്നു. ഏതായാലും ആ തകർച്ചയിൽ നിന്നും അതിജീവനം നടത്താൻ ബ്രസീലിന് സാധിച്ചു എന്നുള്ള കാര്യത്തിൽ തർക്കമില്ല.

Leave a Reply

Your email address will not be published. Required fields are marked *