7-1, എതിരാളികളെ തരിപ്പണമാക്കി ജർമ്മൻ പടയോട്ടം!
യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദമത്സരത്തിൽ കരുത്തരായ ജർമ്മനിക്ക് കൂറ്റൻ വിജയം. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ലാത്വിയയെ ജർമ്മനി കെട്ടുകെട്ടിച്ച് വിട്ടത്. ആദ്യപകുതിയിൽ തന്നെ അഞ്ച് ഗോളുകൾ നേടിക്കൊണ്ട് ജർമ്മനി കൂറ്റൻ ജയമുറപ്പിച്ചിരുന്നു.ജർമ്മനിക്ക് വേണ്ടി ആറ് വ്യത്യസ്ഥ താരങ്ങൾ ഗോൾ നേടിയപ്പോൾ ഒരു ഗോൾ സെൽഫ് ഗോളായിരുന്നു.ഗോസെൻസ്, ഗുണ്ടോഗൻ, മുള്ളർ, ഗ്നാബ്രി,വെർണർ, സാനെ എന്നിവരാണ് ജർമ്മനിക്ക് വേണ്ടി വല ചലിപ്പിച്ചത്.
Germany were just straight up mean to Latvia today 😮 pic.twitter.com/y6JUbwjlkm
— International Champions Cup (@IntChampionsCup) June 7, 2021
മത്സരത്തിന്റെ 19-ആം മിനിറ്റിലാണ് ജർമ്മനി ആദ്യഗോൾ നേടുന്നത്.ഹാവേർട്സിന്റെ അസിസ്റ്റിൽ നിന്നും റോബിൻ ഗോസെൻസാണ് അക്കൗണ്ട് തുറന്നത്.21-ആം മിനുട്ടിൽ ഗുണ്ടോഗൻ രണ്ടാം ഗോൾ നേടി.27-ആം മിനുട്ടിലാണ് മുള്ളറുടെ ഗോൾ വരുന്നത്.ഗോസെൻസാണ് ഈ ഗോളിന് വഴിയൊരുക്കിയത്.39-ആം മിനിറ്റിൽ റോബെർട്സ് ഒസോൽസ് സെൽഫ് ഗോൾ നേടിയതോടെ സ്കോർ 4-0 ആയി.45-ആം മിനുട്ടിൽ ഹമ്മൽസിന്റെ അസിസ്റ്റിൽ നിന്ന് ഗ്നാബ്രി ഗോൾ നേടിയതോടെ ആദ്യപകുതിയിൽ 5 ഗോളിന്റെ ലീഡുമായി ജർമ്മനി കളം വിട്ടു.50-ആം മിനുട്ടിൽ കിമ്മിച്ചിന്റെ അസിസ്റ്റിൽ നിന്നും വെർണർ ഗോൾ നേടി.75-ആം മിനുട്ടിലാണ് സാവെലസ് ലാത്വിയയുടെ ആശ്വാസഗോൾ നേടുന്നത്.76-ആം മിനുട്ടിൽ മുള്ളറുടെ അസിസ്റ്റിൽ നിന്ന് സാനെ ഗോൾ നേടിയതോടെ ഗോൾപട്ടിക പൂർത്തിയായി.