6 കിലോ കുറഞ്ഞു,30 ലിറ്റർ വെള്ളം കുടിച്ചു,മൂത്രമൊഴിക്കാൻ പോലും ബുദ്ധിമുട്ടി : മാരക്കാനയിലെ ദുരനുഭവം പങ്കുവെച്ച് ഹൾക്ക്!
കഴിഞ്ഞ ദിവസം കോപ ഡോ ബ്രസീലിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ അത്ലറ്റിക്കോ മിനയ്റോക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു.മാരക്കാനയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫ്ലമെങ്കോ അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയത്. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് അത്ലറ്റിക്കോയെ പരാജയപ്പെടുത്തിക്കൊണ്ട് ഫ്ലമെങ്കോ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.
ഏതായാലും ഈ മത്സരത്തിന്റെ തീവ്രതയെ കുറിച്ച് അത്ലറ്റിക്കോ മിനയ്റോയുടെ ബ്രസീലിയൻ താരമായ ഹൾക്ക് ഇപ്പോൾ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് തനിക്ക് നിർജലീകരണം സംഭവിച്ചുവെന്നും മത്സരശേഷം ഏകദേശം 30 ലിറ്ററോളം വെള്ളമാണ് താൻ കുടിച്ചത് എന്നുമാണ് ഹൾക്ക് പറഞ്ഞിട്ടുള്ളത്. മാത്രമല്ല തന്റെ ശരീരഭാരം ആറ് കിലോയോളം കുറഞ്ഞുവെന്നും മൂത്രമൊഴിക്കാൻ പോലും താൻ ബുദ്ധിമുട്ടിയെന്നും ഹൾക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 15, 2022
“ഞാൻ അത്ലറ്റിക്കോയിൽ എത്തിയശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു മത്സരം കളിക്കേണ്ടി വരുന്നത്. എനിക്ക് നല്ല രൂപത്തിൽ നിർജലീകരണം സംഭവിച്ചു കഴിഞ്ഞു. 6 കിലോയോളമാണ് എന്റെ ശരീരഭാരം കുറഞ്ഞത്. ഞാൻ നന്നേ ക്ഷീണിതനായിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുന്നേ ഞാൻ 97 കിലോ ഉണ്ടായിരുന്നു.എന്നാൽ മത്സരശേഷം അത് 91 ആയി കുറഞ്ഞു.ഞാൻ മാരക്കാന സ്റ്റേഡിയത്തിൽ 4 മണിക്കൂറോളമാണ് ചിലവഴിച്ചത്. ഏകദേശം 30 ലിറ്റർ വെള്ളം ഞാൻ കുടിച്ചു. എനിക്ക് മൂത്രമൊഴിക്കാൻ പോലും ബുദ്ധിമുട്ടേണ്ടി വന്നു. പക്ഷേ ഇപ്പോൾ ഞാൻ ഓക്കേയായിട്ടുണ്ട് ” ഇതാണ് ഹൾക്ക് പറഞ്ഞിട്ടുള്ളത്.
റിപ്പോർട്ടുകൾ പ്രകാരം സ്വകാര്യ വിമാനത്തിലാണ് മത്സരശേഷം ഹൾക്ക് മടങ്ങിയിട്ടുള്ളത്. ഈ സീസണിൽ മികച്ച പ്രകടനമാണ് ഹൾക്ക് അത്ലറ്റിക്കോക്ക് വേണ്ടി പുറത്തെടുക്കുന്നത്. 30 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.