42ആം വയസ്സിൽ അഡ്രിയാനോ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു!

അഡ്രിയാനോ എന്ന ബ്രസീലിയൻ സൂപ്പർ താരത്തെ ഒട്ടുമിക്ക ആരാധകരും മറക്കാൻ സാധ്യതയില്ല. ഒരുകാലത്ത് ബ്രസീലിനു വേണ്ടിയും ഇന്റർ മിലാന് വേണ്ടിയും അസാധാരണമായ പ്രകടനം പുറത്തെടുത്ത താരമാണ് അഡ്രിയാനോ.ദി എംപറർ എന്ന വിളിപ്പേര് നേടിയെടുത്ത താരമാണ് അദ്ദേഹം.ഇന്റർ മിലാനെ കൂടാതെ ഫ്ലെമെങ്കോ,പാർമ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയൊക്കെ അദ്ദേഹം കളിച്ചിട്ടുണ്ട്.

എന്നാൽ വർഷങ്ങൾക്കു മുൻപ് പ്രൊഫഷണൽ ഫുട്ബോൾ കരിയർ അദ്ദേഹം അവസാനിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ 2016 ലാണ് അദ്ദേഹം ഒരു ഒഫീഷ്യൽ മത്സരം കളിച്ചിട്ടുള്ളത്. അമേരിക്കയിലെ നാലാം ഡിവിഷൻ ക്ലബ്ബായ മയാമി യുണൈറ്റഡ്നു വേണ്ടി രണ്ടു മത്സരങ്ങൾ അദ്ദേഹം കളിക്കുകയായിരുന്നു.ജീവിതശൈലി കൊണ്ട് തന്റെ കരിയർ നശിപ്പിച്ച ഒരു താരം കൂടിയാണ് അഡ്രിയാനോ.

എന്നാൽ ഈ 42ആം വയസ്സിൽ അദ്ദേഹത്തിന് ഒരു വിടവാങ്ങൽ മത്സരം ലഭിക്കുകയാണ്. വരുന്ന ഡിസംബർ മാസത്തിൽ ഇന്റർ മിലാനും ഫ്ലെമെങ്കോയും തമ്മിൽ ഒരു സൗഹൃദ മത്സരം കളിക്കും.അഡ്രിയാനോയുടെ ഫെയർവെൽ മത്സരം ആയിരിക്കും ഇത്. ഒരു പകുതിയിൽ ഇന്റർമിലാനു വേണ്ടിയും മറ്റൊരു പകുതിയിൽ ഫ്ലെമെങ്കോക്ക് വേണ്ടിയുമാണ് താരം കളിക്കുക. തന്റെ സൈക്കിൾ അവസാനിപ്പിക്കാൻ ഇത്തരത്തിലുള്ള ഒരു മത്സരം ആവശ്യമായിരുന്നു എന്നാണ് ഇതിനെക്കുറിച്ച് അഡ്രിയാനോ പറഞ്ഞിട്ടുള്ളത്.

ഇന്റർ മിലാന് വേണ്ടി 177 മത്സരങ്ങൾ കളിച്ച താരം 74 ഗോളുകളാണ് ആകെ നേടിയിട്ടുള്ളത്.ഇന്റർ മിലാനോപ്പം ഒരുപാട് കിരീടങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. പിന്നീട് ബ്രസീലിയൻ ലീഗിലേക്ക് മടങ്ങിയെത്തിയ താരം 19 ഗോളുകളും നേടി. ബ്രസീൽ ദേശീയ ടീമിന് വേണ്ടി 48 മത്സരങ്ങൾ കളിച്ചു താരം 27 ഗോളുകളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *