2034 വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കണം, ഒഫീഷ്യൽ പ്രഖ്യാപനവുമായി സൗദി അറേബ്യ!

2026 നടക്കുന്ന അടുത്ത വേൾഡ് കപ്പ് മൂന്ന് രാജ്യങ്ങൾ ചേർന്നു കൊണ്ടാണ് ആതിഥേയത്വം വഹിക്കുന്നത്.അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് വേൾഡ് കപ്പിന് വേദിയാവുക. 2030ലെ വേൾഡ് കപ്പ് മൊറോക്കോ,സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ വച്ചു കൊണ്ടാണ് നടക്കുക.എന്നാൽ മൂന്നു മത്സരങ്ങൾ അർജന്റീന,പരാഗ്വ,ഉറുഗ്വ എന്നീ രാജ്യങ്ങളിലും നടക്കുന്നുണ്ട്.

2030ലെ വേൾഡ് കപ്പിന് വേദിയാവാൻ സൗദി അറേബ്യക്ക് താല്പര്യമുണ്ടായിരുന്നു. അവർ ഈജിപ്തിനോടൊപ്പം ചേർന്നുകൊണ്ട് ഒരു ബിഡ് നൽകുകയും ചെയ്തിരുന്നു. എന്നാൽ വേൾഡ് കപ്പിന്റെ നൂറാം വാർഷികം ആഘോഷിക്കേണ്ടതിനാൽ സൗത്ത് അമേരിക്ക,യൂറോപ്പ്,മൊറോക്കോ എന്നിവിടങ്ങളിൽ വച്ചുകൊണ്ട് വേൾഡ് കപ്പ് നടത്താൻ ഫിഫ തീരുമാനിക്കുകയായിരുന്നു. പകരം 2034ലെ വേൾഡ് കപ്പ് ഏഷ്യയിൽ വച്ച് നടത്താമെന്ന് ഫിഫ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്.

ഏഷ്യൻ രാജ്യങ്ങളിൽ നിന്നോ ഓഷ്യാനിക് രാജ്യങ്ങളിൽ നിന്നോ ഉള്ള ബിഡുകൾ മാത്രമാണ് ഫിഫ 2034 ലേക്ക് സ്വീകരിക്കുക. വേൾഡ് കപ്പ് സൗദി അറേബ്യയിൽ വച്ച് നടക്കാനുള്ള സാധ്യതകൾ ഉണ്ട്. എന്തെന്നാൽ അവർ ഇപ്പോൾ ബിഡ് സമർപ്പിക്കാനുള്ള തീരുമാനം എടുത്ത് കഴിഞ്ഞു. ഫിഫ ഇക്കാര്യത്തിലുള്ള തീരുമാനം പിന്നീടാണ് അറിയിക്കുക. ബിഡ് നൽകും എന്നത് സൗദി അറേബ്യ തങ്ങളുടെ ഏജൻസി വഴി ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുണ്ട്.

സ്പോർട്സ് ടൂറിസം വളർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സൗദി ഇത്രയും വലിയ മാറ്റങ്ങൾ ഇപ്പോൾ വരുത്തി കൊണ്ടിരിക്കുന്നത്.ഫുട്ബോൾ ലോകത്ത് ഒരുപാട് സൂപ്പർ താരങ്ങളെ സൗദി സ്വന്തമാക്കി കഴിഞ്ഞു. നെയ്മർ ജൂനിയറും ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസിമയുമെല്ലാം ഇപ്പോൾ സൗദിയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *