2021-ൽ ആ അപൂർവ ചരിത്രനേട്ടം കരസ്ഥമാക്കാൻ ക്രിസ്റ്റ്യാനോക്കാവുമോ?

മുപ്പത്തിയഞ്ചാം വയസ്സിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ വേട്ടക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഈ വർഷം 33 സിരി എ ഗോളുകളാണ് താരം നേടിയിട്ടുള്ളത്. 2021 എന്ന പുതുവർഷത്തിലേക്ക് കാലെടുത്തു വെക്കുമ്പോഴും ആരാധകർ ഏറെ പ്രതീക്ഷയിലാണ്.ഈ വരുന്ന വർഷത്തിൽ ആ ചരിത്രനേട്ടം ക്രിസ്റ്റ്യാനോക്ക്‌ സ്വന്തമാക്കാൻ സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്. അത്‌ മറ്റൊന്നുമല്ല, ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ആ അപൂർവനേട്ടം റൊണാൾഡോക്ക്‌ കരസ്ഥമാക്കാൻ സാധിക്കുമോ എന്നാണ് ആരാധകർ നോക്കികൊണ്ടിരിക്കുന്നത്. ഈ വർഷം അവസാനിക്കുമ്പോൾ 756 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ രാജ്യത്തിനും ക്ലബുകൾക്കുമായി നേടിയിട്ടുള്ളത്.

അതായത് 44 ഗോളുകൾ കൂടി നേടിയാൽ 800 ഗോളുകൾ എന്ന ആ ബാലികേറാമല കീഴടക്കാൻ റൊണാൾഡോക്ക്‌ സാധിക്കും. കൂടെ ഒരു ആറു ഗോളുകൾ കൂടി നേടിയാൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കാൻ ഈ പോർച്ചുഗീസ് താരത്തിന് സാധിക്കും. നിലവിൽ ഓസ്ട്രിയൻ താരമായ ജോസഫ് ബിക്കണാണ് ഒന്നാം സ്ഥാനത്ത്. 805 ഗോളുകളാണ് ഇദ്ദേഹം തന്റെ കരിയറിൽ നേടിയിട്ടുള്ളത്. 772 ഗോളുകൾ നേടിയ റൊമാരിയോയാണ് രണ്ടാം സ്ഥാനത്തുള്ളത്. 767 ഗോളുകളുമായി മൂന്നാം സ്ഥാനത്താണ് ഇതിഹാസതാരം പെലെയുടെ സ്ഥാനം. പെലെ 1200-ൽ പരം ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ഔദ്യോഗികകണക്കുകൾ പ്രകാരം 767 ഗോളുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാലാണ് ഇങ്ങനെ സംഭവിച്ചത്.

756 ഗോളുകളുമായി ക്രിസ്റ്റ്യാനോ നിലവിൽ നാലാം സ്ഥാനത്താണ്. 746 ഗോളുകൾ നേടിയ പുഷ്കാസ് ആണ് അഞ്ചാം സ്ഥാനത്ത്. 735 ഗോളുകൾ നേടിയ ഗെർഡ് മുള്ളർ ആറാം സ്ഥാനത്താണ്. 715 ഗോളുകൾ നേടിയ ലയണൽ മെസ്സി ഏഴാം സ്ഥാനത്തുണ്ട്. നിലവിൽ മെസ്സി മാത്രമാണ് റൊണാൾഡോക്ക്‌ ഭീഷണി ഉയർത്തുന്നത്. പെലെ, റൊമാരിയോ എന്നിവരെ മറികടക്കാൻ റൊണാൾഡോക്ക്‌ ഈ വർഷം തന്നെ സാധിക്കുമെന്നാണ് ആരാധകർ കരുതുന്നത്. എന്നാൽ ഒന്നാം സ്ഥാനത്ത് എത്തണമെങ്കിൽ ഈ വർഷം അൻപത് ഗോളുകൾ റൊണാൾഡോ നേടേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *