16 മത്സരങ്ങളിൽ കേവലം 4 വിജയം മാത്രം,ജർമ്മനിയുടെ പരിശീലകൻ ഫ്ലിക്കിന്റെ ഭാവി തുലാസിൽ!
ഈ ഇന്റർനാഷണൽ ബ്രേക്കിൽ 2 സൗഹൃദ മത്സരങ്ങളാണ് യൂറോപ്പ്യൻ വമ്പൻമാരായ ജർമ്മനി കളിച്ചത്.പോളണ്ട്,കൊളംബിയ എന്നിവരായിരുന്നു ജർമനിയുടെ എതിരാളികൾ. ഈ രണ്ട് മത്സരങ്ങളിലും ജർമ്മനി പരാജയപ്പെടുകയായിരുന്നു.അവസാനമായി കളിച്ച നാല് സൗഹൃദമത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ജർമ്മനിക്ക് കഴിഞ്ഞിട്ടില്ല. മൂന്ന് സമനിലയും ഒരു തോൽവിയുമായിരുന്നു ഫലം.
വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ജർമ്മനി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഖത്തർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടം പോലും കടക്കാൻ ജർമ്മനിക്ക് സാധിച്ചിരുന്നില്ല.ഒരു മത്സരത്തിൽ മാത്രമായിരുന്നു വേൾഡ് കപ്പിൽ അവർ വിജയിച്ചിരുന്നത്. എല്ലാ കോമ്പറ്റീഷനലുമായി അവസാനമായി കളിച്ച പതിനാറ് മത്സരങ്ങളിൽ കേവലം 4 വിജയങ്ങൾ മാത്രമാണ് ജർമ്മനി നേടിയിട്ടുള്ളത്.
Luis Diaz goal against Germany🇨🇴 pic.twitter.com/gUGsW1nW1b
— LFC Transfer Room (@LFCTransferRoom) June 20, 2023
അത്രയും പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് അവർ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ജർമ്മനി ഉള്ളത്. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാൽ നേഷൻസ് ലീഗ് എയിൽ നിന്നും ബിയിലേക്ക് അവർ തരം താഴ്ത്തപ്പെടും. അടുത്ത വർഷത്തെ യൂറോകപ്പ് സ്വന്തം നാട്ടിൽ നടക്കുന്നതിനാൽ അവർക്ക് യൂറോ യോഗ്യത മത്സരങ്ങൾ കളിക്കേണ്ടി വരുന്നില്ല. അതിന് പകരം കളിക്കുന്ന സൗഹൃദമത്സരങ്ങളിൽ പോലും ജർമ്മനി ഇപ്പോൾ തോൽക്കുകയാണ് ചെയ്യുന്നത്.
2021ന് ശേഷം ജർമ്മനിയുടെ വിജയശതമാനം എന്നത് കേവലം 25% മാത്രമാണ്. പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ ഭാവി തുലാസിലാണ്.യൂറോ കപ്പ് അരങ്ങേറാൻ കേവലം ഒരു വർഷം മാത്രമാണ് ബാക്കിനിൽക്കുന്നത്.വരുന്ന സെപ്റ്റംബർ മാസത്തിൽ രണ്ട് സൗഹൃദമത്സരങ്ങൾ ജർമ്മനി കളിക്കുന്നുണ്ട്.ജപ്പാൻ,ഫ്രാൻസ് എന്നിവരാണ് എതിരാളികൾ. അനുകൂല റിസൾട്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഫ്ലിക്കിന്റെ സ്ഥാനം തെറിക്കും എന്ന കാര്യത്തിൽ സംശയമില്ല.