ഹീറോയും വില്ലനുമായി മൊറാറ്റ, സ്പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലിൽ!
യൂറോ കപ്പിൽ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ സ്പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലിൽ പ്രവേശിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്പെയിൻ പരാജയം രുചിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്.മാനുവൽ ലോക്കാടെല്ലി ഒഴികെയുള്ളവർ ഇറ്റാലിയൻ നിരയിൽ ലക്ഷ്യം കണ്ടപ്പോൾ ഡാനിയേൽ ഒൽമോക്കും അൽവാരോ മൊറാറ്റക്കും സ്പെയിൻ നിരയിൽ പിഴക്കുകയായിരുന്നു. സ്പെയിനിന് വേണ്ടി സമനില ഗോൾ നേടിയ മൊറാറ്റ ഹീറോയായെങ്കിലും പെനാൽറ്റി പാഴാക്കി കൊണ്ട് മൊറാറ്റ വില്ലനുമായി.
The moment Italy won 🥳🇮🇹pic.twitter.com/xqSe48CQNL
— Goal (@goal) July 6, 2021
മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു.മത്സരത്തിൽ ആധിപത്യം പുലർത്തിയത് സ്പെയിൻ ആയിരുന്നുവെങ്കിലും ആദ്യഗോൾ പിറന്നത് ഇറ്റലിയുടെ ഭാഗത്തു നിന്നായിരുന്നു. കൌണ്ടർ അറ്റാക്കിനൊടുവിൽ ഫെഡറിക്കോ കിയേസയാണ് ഗോൾ നേടിയത്.അറുപതാം മിനിറ്റിലായിരുന്നു ഈ ഗോൾ പിറന്നത്.എന്നാൽ 80-ആം മിനിറ്റിൽ അൽവാരോ മൊറാറ്റ സ്പെയിനിന്റെ സമനില ഗോൾ നേടുകയായിരുന്നു.ഒൽമോ നൽകിയ പാസ് മൊറാറ്റ ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീട് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു.
ഇറ്റലിക്ക് വേണ്ടി ആദ്യപെനാൽറ്റി എടുത്ത ലൊക്കാടെല്ലി പെനാൽറ്റി പാഴാക്കി.പിന്നീട് സ്പെയിനിന് വേണ്ടി പെനാൽറ്റി എടുത്ത ഒൽമോ പുറത്തേക്കടിക്കുകയായിരുന്നു.പിന്നീട് ഇറ്റലിക്ക് വേണ്ടി പെനാൽറ്റി എടുത്ത ബെലോട്ടി, ബൊനൂച്ചി, ബെർണാഡ്ഷി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മറുഭാഗത്തുള്ള മൊറാറ്റക്ക് പിഴച്ചു. ഇതോടെ ജോർജിഞ്ഞോ മനോഹരമായി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഇറ്റലിയെ ഫൈനലിൽ എത്തിച്ചു.