ഹാലന്റിനെ എങ്ങനെ തടയും? പ്ലാനുകൾ വ്യക്തമാക്കി സ്പെയിൻ ഗോൾകീപ്പർ!

ഇന്ന് നടക്കുന്ന യൂറോ യോഗ്യത മത്സരത്തിൽ വമ്പൻമാരായ സ്പെയിൻ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.നോർവേയാണ് സ്പെയിനിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈയൊരു മത്സരം അരങ്ങേറുക.നോർവെയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.

ഈ മത്സരത്തിൽ സ്പെയിനിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക സൂപ്പർ താരം ഏർലിംഗ് ഹാലന്റായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ മത്സരത്തിൽ സൈപ്രസിനെതിരെ 2 ഗോളുകൾ നേടിയ താരമാണ് ഹാലന്റ്. സൂപ്പർതാരത്തെ എങ്ങനെ തടയും എന്നതിനെക്കുറിച്ചുള്ള പ്ലാനുകൾ ഇപ്പോൾ സ്പെയിനിന്റെ ഗോൾ കീപ്പറായ ഉനൈ സിമോൺ വ്യക്തമാക്കിയിട്ടുണ്ട്.ബോക്സിനകത്ത് അദ്ദേഹത്തിന് പന്ത് ലഭിക്കുന്നത് പരമാവധി ഒഴിവാക്കും എന്നാണ് ഈ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.സിമോണിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഹാലന്റ് ബോക്സിനകത്ത് എത്രത്തോളം അപകടകാരിയാണ് എന്നുള്ളത് നമ്മൾ ഓരോ മത്സരത്തിലും കാണുന്നതാണ്. ബോക്സിനകത്ത് വെച്ചുകൊണ്ട് ഹാലന്റ് ടച്ച് ചെയ്യുന്ന ഏതു ബോളും ഗോളായി മാറാം. ഉയർന്നുവരുന്നതായാലും താഴ്ന്നു വരുന്നതായാലും ഇടതു കാലായാലും വലതു കാലായാലും അത് ഗോളാക്കി മാറ്റാൻ ഹാലന്റിന് ഒരു പ്രത്യേക കഴിവുണ്ട്. ജന്മനാ ഒരു ഗോൾ സ്കോറർ ആണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പരമാവധി ബോക്സിൽ നിന്നും അകറ്റി നിർത്തും.ഇനി അദ്ദേഹം ബോക്സിനകത്തേക്ക് പ്രവേശിച്ചാലും അദ്ദേഹത്തിന് ബോൾ ലഭിക്കുന്നില്ല എന്നത് ഉറപ്പാക്കും. ഗോളടിക്കാൻ അസാധാരണമായ ഒരു കഴിവുള്ള താരമാണ് അദ്ദേഹം ” ഇതാണ് സ്പെയിനിന്റെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ സ്കോട്ട്ലാൻഡിനെ പരാജയപ്പെടുത്തി കൊണ്ടാണ് സ്പെയിൻ ഇപ്പോൾ കടന്നുവരുന്നത്. നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് സ്പെയിൻ ഉള്ളത്.അതേസമയം തൊട്ടു പുറകിലായിക്കൊണ്ട് നോർവേ മൂന്നാം സ്ഥാനത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *